തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മേയ് നാലുവരെ ഫണ്ട് സമാഹരണം ലക്ഷ്യമിട്ട് യുഡിഎഫ് നേതൃത്വം ഭരണപക്ഷം പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുമെന്ന് സിപിഎം നേതാവ് മുഹമ്മദ് റിയാസ്. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് എൽഡിഎഫ് ഭരണം തുടരും. കോഴിക്കോട് ജില്ലയിൽ എൽഡിഎഫ് മികച്ച വിജയം നേടും. ബേപ്പൂരിൽ 2021ൽ ആകെ ലഭിച്ച സർവ്വകാല റെക്കോർഡ് ആയ 82,000 വോട്ടിനേക്കാൾ കൂടുതൽ നേടി വലിയ വിജയം എൽഡിഎഫിന് ഉണ്ടാകുമെന്നും റിയാസ് പറഞ്ഞു.
മുഹമ്മദ് റിയാസിന്റെ വാക്കുകൾ
മേയ് നാലു വരെ തങ്ങൾ ഭരണത്തിൽ വരാൻ പോകുന്നു എന്ന പ്രതീതി യുഡിഎഫ് നേതൃത്വം സൃഷ്ടിക്കും. അതിന് പല കാരണങ്ങളുണ്ട്. ഒന്ന് നല്ല രീതിയിൽ ഫണ്ട് സമാഹരണം നടത്താൻ സൗകര്യം ഉണ്ടാകും എന്നതാണ്. ഇത് കഴിഞ്ഞ തവണയും ഉണ്ടായിട്ടുണ്ട്. 2021ൽ വോട്ടെണ്ണുന്നതിന് മുമ്പ് വകുപ്പ് വിഭജനം വരെ അവർ നടത്തിയിട്ടുണ്ട്. അന്നത്തെ യുഡിഎഫ് നേതൃത്വത്തിന്റെ പ്രതികരണങ്ങൾ പരിശോധിച്ചാൽ ഇതിനപ്പുറം ആണ് അവർ പറഞ്ഞതെന്ന് കാണാൻ കഴിയും.
.തിരഞ്ഞെടുപ്പിൽ ഒരു ന്യൂനപക്ഷ ഏകീകരണവും ഉണ്ടായിട്ടില്ല. വികസനവും പൊതു രാഷ്ട്രീയവുമാണ് ചർച്ച ചെയ്യപ്പെട്ടത്. കേരളത്തിൽ നേറ്റിവിറ്റി കാർഡ് കൊണ്ടുവന്നതും പൗരത്വ രജിസ്റ്റർ നടപ്പിലാക്കില്ലെന്ന് വിജ്ഞാപനമിറക്കിയതും മതനിരപേക്ഷ മനസ്സുകളിൽ എൽഡിഎഫ് സർക്കാരിന് അനുകൂലമായി നല്ല മതിപ്പ് സൃഷ്ടിച്ചു എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.


