തിരുവനന്തപുരം: എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ വധിച്ച കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും കല്യാശേരി എംഎല്‍എ ടി.വി.രാജേഷും പ്രതിയായ വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും അവതരിപ്പിക്കാനായില്ല.
സാധാരണ ഗതിയില്‍ പ്രതിപക്ഷം കൊണ്ടുവരുന്ന അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നല്‍കുന്നതായിരുന്നു കീഴ്വഴക്കം. എന്നാല്‍ ഇന്ന് പ്രതിപക്ഷ അംഗം സണ്ണി ജോസഫ് കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ സ്വീകരിക്കാന്‍ പോലും തയാറായില്ല.
പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് സര്‍ക്കാരുമായി ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ നോട്ടീസ് സ്വീകരിക്കാന്‍ വിസമ്മതം കാട്ടിയത്. വിഷയത്തിന് അടിയന്തര പ്രാധാന്യമില്ലെന്നും സ്പീക്കര്‍ നിലപാടെടുത്തു.
സഭയിലെ ഒരു അംഗത്തിനെതിരേ കൊലപാത കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയത് നിയമസഭയില്‍ അല്ലാതെ എവിടെയാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് പ്രതിപക്ഷം ചോദിച്ചു. സര്‍ക്കാരുമായി ബന്ധമില്ലാത്ത വിഷയങ്ങള്‍ സഭ എത്രയോ തവണ ചര്‍ച്ച ചെയ്തിരിക്കുന്നുവെന്നും പ്രതിപക്ഷം ഓര്‍മിപ്പിച്ചു. എങ്കിലും സ്പീക്കര്‍ നിലപാട് മാറ്റാന്‍ തയാറായില്ല.
സ്പീക്കറുടെ നിലപാടിനെതിരേ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചതോടെ സഭ സ്തംഭിച്ചു. സഭാ നടപടികള്‍ തടസപ്പെടുത്തി പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. ഇതിനിടെ ധനവിനയോഗ ബില്ലും സഹകരണ ബില്ലും പാസാക്കി അനിശ്ചിത കാലത്തേക്ക് നിയമസഭ പിരിയുകയും ചെയ്തു.