ജയ്പൂര്‍: അഴിമതി ആരോപണ കേസുകള്‍ അന്വേഷിക്കുന്നതില്‍ അശോക് ഗെഹ്ലോത്ത് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സച്ചിന് പൈലറ്റ് ഉപവാസ സമരം ആരംഭിച്ചു. അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ഉപവാസ സമരം നടത്തുന്നത്. ഉപവാസം നടത്തുന്നത് പാര്‍ട്ടി വിരുദ്ധമാണെന്ന മുന്നറിയിപ്പ് മറികടന്നാണ് സച്ചിന്റെ സമരം. ഗെഹ്ലോട്ടിനെതിരായ സമരം പാര്‍ട്ടി വിരുദ്ധമാണെന്ന് രാജസ്ഥാന്റെ എഐസിസി ചുമതലയുള്ള സുഖ്വീന്ദര് സിംഗ് രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പാര്‍ട്ടിക്ക് അകത്ത് തന്നെ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയെന്നാണ് ഉപവാസ സമരത്തെ ബിജെപി വിമര്‍ശിച്ചത്. രാജ്യത്ത് കോണ്‍ഗ്രസ് ദുര്ബലമായിരിക്കുന്നുവെന്നും ബിജെപി നേതാവ് രാജേന്ദ്ര റാത്തോര്‍ പ്രതികരിച്ചു. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതികള്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് സച്ചിന് പൈലറ്റിന്റെ ആവശ്യം. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയെന്ന് ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എക്സൈസ് മാഫിയ, അനധികൃത ഖനനം, ഭൂമി കൈയേറ്റം, ലളിത് മോദി സത്യവാങ്മൂലം കേസ് എന്നിവയ്ക്കെതിരെ നടപടി എടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സച്ചിന് പൈലറ്റ് ആരോപിച്ചിരുന്നു.


