ദില്ലി: ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയിൽ ചേർന്നേക്കും. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭ സീറ്റ് ബിജെപി സിന്ധ്യക്ക് മാറ്റി വച്ചതായാണ് വിവരം. നിയമസഭ കക്ഷി യോഗത്തിന് പിന്നാലെ ബിജെപി എംഎൽഎമാരെ ഹരിയാനയിലെ റിസോർട്ടിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതേ സമയം അട്ടിമറി നീക്കങ്ങളെ പ്രതിരോധിക്കാനാണ് കോൺഗ്രസ് നീക്കം. കമൽനാഥ് രാജി വക്കേണ്ടതില്ലെന്നും,16ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തിൽ വിശ്വാസവോട്ട് തേടാനുമാണ് തീരുമാനം. ഭൂരിപക്ഷം തെളിയിക്കുമെന്നും സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും കമൽനാഥ് അവകാശപ്പെട്ടിരുന്നു. സിന്ധ്യയെ അനുകൂലിക്കുന്ന 22 വിമത എംഎൽഎമാരാണ് ഇതുവരെ രാജിവെച്ചത്.

