നിലവിലെ നിയമസഭയുടെ കാലത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ കേന്ദ്രവും തെരഞ്ഞെടുപ്പ് കമീഷനും നിരത്തുന്ന കാരണങ്ങള്‍ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനം. രാജ്യസഭാ അംഗങ്ങള്‍ വിരമിക്കുമ്പോള്‍ നിലവിലുള്ള നിയമസഭയാണ് പുതിയഅംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതെന്ന് നിയമത്തില്‍ സംശയാതീതമായി വിശദീകരിക്കുന്നുണ്ടെന്ന് ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഒരിടത്തും പറയുന്നില്ല. രാജിയോ മരണമോ മൂലം ഒഴിവു വന്നാല്‍ ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതി. ശേഷിക്കുന്നത് ഒരു വര്‍ഷത്തില്‍ താഴെയാണെങ്കിലും തെരഞ്ഞെടുപ്പ് ഒഴിവാക്കാം.
ആറു വര്‍ഷം പൂര്‍ത്തിയാക്കി അംഗങ്ങള്‍ വിരമിക്കുമ്പോള്‍, കാലാവധി തീരുന്നതിന് മൂന്നു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണം. വിരമിക്കുന്ന വേളയില്‍ നിലവിലുള്ള നിയമസഭയാണ് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്. 1951 മുതല്‍ നിലനില്‍ക്കുന്ന വ്യവസ്ഥ ഇതുവരെ പാലിക്കപ്പെട്ടു. ജനപ്രാതിനിധ്യ നിയമത്തില്‍ പല ഭേദഗതിയും വന്നെങ്കിലും ഇക്കാര്യത്തില്‍ സംശയമോ തര്‍ക്കമോ ഉണ്ടായിട്ടില്ല.
നിലവിലുള്ള സഭയ്ക്ക് ജനാഭിലാഷം പ്രകടിപ്പിക്കാനാകില്ലെന്ന വാദം പ്രസക്തമല്ല. നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം നിര്‍ബന്ധമായും നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് ബാധ്യതയില്ല. ഭരണഘടനാ വ്യവസ്ഥകള്‍ പ്രകാരം പ്രവര്‍ത്തിക്കേണ്ട ഏജന്‍സിയാണ് തെരഞ്ഞെടുപ്പ് കമീഷന്. സ്വന്തം വിശ്വാസ്യത തെരഞ്ഞെടുപ്പ് കമീഷന് നഷ്ടപ്പെടുത്തരുതെന്നും പിഡിടി ആചാരി പറഞ്ഞു.


