കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സത്യജിത്ത് ബിശ്വാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ മുകുള്‍ റോയിയെ പൊലീസ് പ്രതിചേര്‍ത്തു. കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുകുള്‍ റോയിക്കെതിരെ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു ബി.ജെ.പിയുടെ വാദം. സംഭവത്തെ തുടര്‍ന്ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാര്‍ത്തിക്ക് മോണ്ടല്‍, സുജിത്ത് മോണ്ടല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുകുള്‍ റോയിയെ പൊലീസ് പ്രതിചേര്‍ത്തത്.
ശനിയാഴ്ച വൈകുന്നേരം സരസ്വതി പൂജയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് എം.എല്‍.എ സത്യജിത്ത് ബിശ്വാസ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. പരിപാടി കാണുവാനായി സ്റ്റേജില്‍ ഇരിക്കുമ്ബോഴാണ് അദ്ദേഹത്തിന് വെടിയേറ്റത്. അദ്ദേഹത്തിന്റെ അടുക്കല്‍ എത്തിയപ്പോഴേക്കും ചോരയില്‍ കുളിച്ച നിലയിലായിരുന്നെന്ന് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനായില്ല.


