ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി ബില്‍ കീറിയെറിഞ്ഞ് ഹൈദരാബാദില്‍നിന്നുള്ള എഐഎംഐഎം എംപി അസദുദീന് ഒവൈസി. പാര്‍ലമെന്റില്‍ ബില്ലിന്മേല് ചര്‍ച്ച നടക്കവെയാണു പ്രതിഷേധസൂചകമായി ഒവൈസി നിയമത്തിന്റെ പകര്‍പ്പ് കീറിയെറിഞ്ഞത്. രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രാജ്യത്തിന്റെ ഭരണഘടനയ്ക്ക് എതിരാണ് ഈ നിയമമെന്നും ഒവൈസി കുറ്റപ്പെടുത്തി.
നേരത്തെ, ബില്‍ അവതരിപ്പിച്ചപ്പോള്‍ ന്യൂറംബെര്‍ഗ് വംശീയ നിയമം പോലെയും ഇസ്രായേല്‍ പൗരത്വ നിയമം പോലെയും പൗരത്വ ഭേദഗതി നടപ്പാക്കിയാല്‍ അമിത് ഷായുടെ പേരിന് ഹിറ്റ്ലര്ക്കൊപ്പമായിരിക്കും സ്ഥാനമെന്ന് ഒവൈസി പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശം രൂക്ഷ ഭരണപക്ഷ പ്രതിഷേധം ഉയരാനിടയാക്കി. ഒവൈസിയുടെ പരാമര്‍ശം പിന്നീട് സ്പീക്കര്‍ സഭാരേഖകളില്‍നിന്നു നീക്കം ചെയ്തു.
90 മിനിറ്റ് നീണ്ടു നിന്ന പ്രതിപക്ഷ പ്രതിഷേധത്തിന് ഒടുവില്‍ മാത്രമാണ് അമിത്ഷായ്ക്ക് ബില്ല് അവതരിപ്പിക്കാന്‍ പോലുമായത്. 82-ന് എതിരേ 293 വോട്ടുകളോടെയാണ് സര്‍ക്കാര്‍ ബില്ലവതരണത്തിനുള്ള അനുമതി നേടിയത്. സഭയ്ക്ക് പുറത്തു ബില്ലിനെ രൂക്ഷമായി എതിര്‍ത്ത ശിവസേന വോട്ടെടുപ്പില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തു എന്നതും ശ്രദ്ധേയമായി.


