കോട്ടയം: ലാഭകരമല്ലാത്ത നാണ്യവിള കൃഷി ഉപേക്ഷിക്കുന്ന തോട്ടഭൂമികള്‍ ഇതര കൃഷികള്‍ക്കായി ഉപയോഗിക്കാന്‍ കര്‍ഷകര്‍ക്ക് അനുവാദം നല്കാന് ഇച്ഛാശക്തിയോടെ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ ഏകദിനക്യാമ്പ് പാലായില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റബ്ബര്‍ വിലയിടിന് ഉത്തരവാദിത്വം അധികാരത്തിലിരുന്ന കേന്ദ്രസര്ക്കാരുകള്ക്കാണ്. റബര്‍ കര്‍ഷകരെ സഹായിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നിലവിലെ ഇറക്കുമതി നയത്തില്‍ മാറ്റം വരുത്തണം. വീണ്ടും റബര്‍ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. സാധാരണ റബര്‍ കര്‍ഷകരും ചെറുകിട വ്യാപാരികളും ഇതുമൂലം വീണ്ടും ബുദ്ധിമുട്ടിലായിരിക്കുന്നു. തോട്ടഭൂമിയില്‍ മറ്റ് കൃഷികള്‍ പാടില്ലെന്ന കാലഹരണപ്പെട്ട വ്യവസ്ഥ എത്രയും വേഗം നിയമപരമായി സമൂലമായി മാറ്റണം. തുടര്‍ കൃഷിയും പരിപാലനവും നടത്താത്തതിനാല്‍ നിരവധി തോട്ടങ്ങളാണ് തരിശിട്ടിരിക്കുകയും കാട് കയറിക്കിടക്കുകയും ചെയ്യുന്നത്. വനമേഖലകളോട് ചേര്‍ന്ന് കിടക്കുന്ന ഇത്തരം തോട്ടങ്ങളില്‍ വന്യമൃഗങ്ങള്‍ വിവരിക്കുകയാണ്.
പല തോട്ടമുടമകള്‍ക്കും അവിടേക്ക് പ്രവേശിക്കാനാവുന്നില്ല. ഇതുകാരണം സമീപപ്രദേശങ്ങളിലെ ജനവാസ മേഖലയിലുള്ളവരും വന്യജീവി ആക്രമണങ്ങള്‍ മൂലം വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. പഴവര്‍ഗ്ഗങ്ങളും പച്ചക്കറി ഇനങ്ങളുമടക്കമുള്ള കൃഷികള്‍ക്കായി ഇത്തരം തോട്ടങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കര്‍ഷകരെ എത്രയും വേഗം അനുവദിക്കണമെന്നും അതിനായി നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുവാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം. റബ്ബര്‍ വില സ്ഥിരത ഫണ്ട് 250 രൂപയായി നിജപ്പെടുത്തണമെന്നും ഇതിനായി പ്രത്യേക കേന്ദ്രഫണ്ട് അനുവദിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ മന്ത്രി റോഷി അഗസ്റ്റില്‍ മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചെയര്മാന്മാരായ ഗവ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തോമസ് ചാഴികാടന്, ഡോ. സ്റ്റീഫന്‍ ജോര്‍ജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സണ്ണി തെക്കേടം, വി. ടി. ജോസഫ്, ജോസ് ടോം, ഔസേപ്പന്‍ വാളിപ്ലാക്കല്‍, ഫിലിപ്പ് കുഴികളം, ബേബി ഉഴുത്തുവാല്‍, സഖറിയാസ് കുതിരവേലി, ജോസഫ് ചാമക്കാല, സിറിയക്ക് ചാഴികാടന്, പെണ്ണമ്മ ജോസഫ്, ജോസ് പുത്തന്‍കാല, ബ്രൈറ്റ് വട്ടനിരപ്പേല്‍ എന്നിവര്‍ സംസാരിച്ചു. അഞ്ഞൂറില്‍ പരം പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു.


