ബെംഗളുരു: കർണാടകത്തിൽ ഇന്ന് നിർണായക ദിനം. 13 വിമത എംഎൽഎമാരുടെ രാജിയിൽ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടാവും. 10 കോൺഗ്രസ് എംഎൽഎമാരും മൂന്ന് ജെഡിഎസ് എംഎൽഎമാരും നല്കിയിരിക്കുന്ന രാജിയിലാണ് സ്പീക്കറുടെ തീരുമാനം വരുന്നത്.
മന്ത്രിപദവി വച്ച് നീട്ടിയിട്ടും, ഡി കെ ശിവകുമാർ നേരിട്ടെത്തി ചർച്ച നടത്തിയിട്ടും വിമതർ വഴങ്ങിയില്ലെങ്കിൽ രാജി വച്ച എംഎൽഎമാരെ അയോഗ്യരാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങാൻ ആലോചിക്കുകയാണ് കോൺഗ്രസ് നേതൃത്വം. രാവിലെ 9:30ന് വിധാൻ സൗധയിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേരും. എല്ലാ എംഎൽഎമാർക്കും കക്ഷി നേതാവ് സിദ്ധരാമയ്യ വിപ്പ് നൽകിയിട്ടുണ്ട്. യോഗത്തിന് എത്താത്തവരെ അയോഗ്യരാക്കാനാണ് കോൺഗ്രസ് നീക്കം. ‘തമിഴ്നാട്’ മോഡലിൽ എംഎൽഎമാരെ അയോഗ്യരാക്കി സർക്കാരിന്റെ ആയുസ്സ് നീട്ടുകയാണ് ലക്ഷ്യം. വിമതർ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് തെളിവുണ്ടെന്ന് കോൺഗ്രസ് പറയുന്നു.