കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണകള്ളക്കടത്തിനിടയില്‍ നടന്ന ദുരൂഹ മരണം ഏതാണെന്ന് അമിത് ഷാ വ്യക്തമാക്കണം. അമിത് ഷാ മാലാഖ ചമയേണ്ടെന്നും ഇന്ന് ഇന്ത്യയിലെ വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷായെന്നും രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘അമിത് ഷാ മാലാഖ ചമയേണ്ട. ഇന്ന് രാജ്യത്തെ വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷാ. ഗുജറാത്ത് കലാപത്തിന്റെ ആസൂത്രണം അദ്ദേഹത്തിന്റെ കൈയ്യിലൂടെയാണ് നടന്നത്. നമ്മുടെ രാജ്യത്തെ നിരവധി കേസുകളില്‍പെട്ട് മതന്യൂനപക്ഷങ്ങളെ പീഡിപ്പിച്ചയാളാണ് അമിത് ഷാ. മുസ്ലിം സമുദായത്തെ ഏതു കാലത്തും മുന്നില്‍ നിന്നു വേട്ടയാടാന്‍ ശ്രമിച്ചയാളാണ് അമിത് ഷാ. അമിത് ഷായുടെ ഗിനി പ്രസംഗമൊന്നും കേരളത്തില്‍ ചെലവാകാന്‍ പോവുന്നില്ല. അതിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് പരസ്പരമുള്ള കള്ളക്കളിയാണ്,’ രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റും ലഭിക്കാന്‍ പോവുന്നില്ല. ജനങ്ങളുടെ മുമ്പില്‍ ഒരു കാര്യവും അവര്‍ക്ക് മുന്നോട്ട് വെക്കാനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി- അമിത് ഷാ കൂട്ടുകെട്ട് ഓരോ ദിവസവും മറ നീക്കി പുറത്തു വരികയാണെന്നും അദ്ദേഹം ആരോപിച്ചു. ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരെയും സ്പീക്കര്‍ക്കെതിരെയും ഒന്നാം പ്രതിയുടെ മൊഴിയുണ്ടായിട്ടും എന്തു കൊണ്ട് അന്വേഷണം നടക്കുന്നില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയും അമിത് ഷായും തമ്മില്‍ നടത്തുന്ന വെല്ലുവിളികള്‍ പുകമറയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.


