ന്യൂ ഡല്‍ഹി : ഇന്ന് അസം സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്ററിന്റെ പുതുക്കിയ പട്ടിക പുറത്തിറക്കിയ ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. അസമിലെത്തിയ ശേഷം എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാരുമായും മുഖ്യമന്ത്രിമാരുമായും അമിത് ഷാകൂടിക്കാഴ്ച നടത്തും. ദേശീയ പൗരത്വ രജിസ്റ്റര്‍ തന്നെയാണ് പ്രധാന ചര്‍ച്ചാ വിഷയമാകുകയെന്നാണ് റിപ്പോര്‍ട്ട്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനവാളിനെയും സംസ്ഥാനത്തെ ബിജെപി നേതാക്കളെയും നേരില്‍ കണ്ട് സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്തും.
ഓഗസ്റ്റ് 31 നാണ് മൂന്ന് കോടി 11 ലക്ഷം ആളുകള്‍ ഉള്‍പ്പെട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. 19 ലക്ഷത്തിലധികം ആളുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ദേശീയ പൗരത്വ രജിസ്റ്റര്‍ പട്ടികയുടെ അന്തിമരൂപം പ്രസിദ്ധീകരിച്ച സാഹചര്യം മുന്‍നിര്‍ത്തി അസമില്‍ കനത്ത സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്.
ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടികള്‍ക്ക് 2013-ലാണ് സര്‍ക്കാര്‍ തുടക്കമിട്ടത്. അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.


