തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപി അംഗത്വം സ്വീകരിച്ച പത്മജ വേണുഗോപാലിന് വൻ സ്വീകരണമൊരുക്കി ബിജെപി സംസ്ഥാന നേതൃത്വം. ഡല്‍ഹിയില്‍ നിന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പത്മജയെ കേന്ദ്രന്ത്രി വി. മുരളീധരന്, സംസ്ഥാനധ്യക്ഷന്‍ കെ. സുരേന്ദ്രന്, വി.വി. രാജേഷ് എന്നിവർ ഉള്‍പ്പടെ നൂറുകണക്കിന് പ്രവര്‍ത്തകർ ചേർന്നാണ് സ്വീകരിച്ചത്. നേതാക്കള്‍ പത്മജയെ ഷാളും ഹാരവുമണിയിച്ച് ആനയിച്ചു. ചെണ്ടമേളവും പുഷ്പവൃഷ്ടിയും ഒരുക്കിയിരുന്നു.
തുടർന്ന് മാരാര്‍ജി ഭവനിലെത്തിയ പത്മജ മാധ്യമങ്ങളോടു സംസാരിച്ചു. കെ. കരുണാകരനെ അപമാനിക്കുന്നിടത്ത് നില്ക്കാനില്ലെന്ന് താൻ തീരുമാനിച്ചെന്ന് പത്മജ പ്രതികരിച്ചു. താൻ പരാതിയുമായി കോണ്‍ഗ്രസ് ആസ്ഥാനത്തു ചെന്നപ്പോള്‍ അവിടെ അങ്ങനെ ഒരു നേതാവില്ല. സോണിയ ഗാന്ധി ഇപ്പോള്‍ ആരെയും കാണുന്നില്ല. രാഹുല്‍ ഗാന്ധിക്ക് പരാതി കേള്‍ക്കാൻ പോലും സമയമില്ലെന്നും പത്മജ കുറ്റപ്പെടുത്തി.
കുറച്ചുകാലമായി മോദിജിയുടെ രീതികള്‍ പഠിച്ചപ്പോള്‍ ഒരു കാര്യം മനസിലായി. ഏതു പാർട്ടിക്കും ശക്തനായ ഒരു നേതാവ് വേണം. ഇന്ന് കോണ്‍ഗ്രസ് പാർട്ടിക്ക് ഇല്ലാത്തതും അതാണ്. കുറച്ചുകാലമായി തന്റെ മനസില്‍ ഈ ചിന്തയുണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. വ്യാഴാഴ്ചയാണ് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വച്ച് പത്മജ ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവദേക്കര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം.


