ദില്ലി: ദില്ലി തെരഞ്ഞെടുപ്പ് പോളിംഗ് അവസാനിച്ചു. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. 55.08 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ആദ്യ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വെറും മൂന്ന് ശതമാനം മാത്രമായിരുന്നു പോളിംഗ്. കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം ദില്ലിയിലെ രണ്ടു പ്രധാനപാർട്ടികൾക്കും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തന്ത്രപരമായ നിലപാടെടുത്തെങ്കിലും ദില്ലിയിലെ ന്യൂനപക്ഷ വോട്ടർമാർ കെജ്രിവാളിന് വോട്ടുചെയ്തെന്ന സൂചനയാണ് അവരുടെ പ്രതികരണം നല്‍കുന്നത്.
ദില്ലിയിൽ പ്രചാരണം തുടക്കത്തിൽ ഏകപക്ഷീയമായിരുന്നു. അരവിന്ദ് കെജ്രിവാൾ ഏറെ മുന്നിലെത്തിയപ്പോൾ ബിജെപി ചിത്രത്തിൽ ഇല്ലായിരുന്നു. എന്നാൽ അവസാന പത്തു ദിവസത്തിൽ ബിജെപി ഓടിയെത്തി. ദില്ലി കണ്ട ഏറ്റവും വലിയ ധ്രുവീകരണ ശ്രമമാണ് അമിത് ഷായുടെ നേതൃത്വത്തിൽ നടന്നത്. ഇതിനോട് പ്രതികരിക്കാതെ തന്ത്രപരമായി ഒഴിഞ്ഞ് നിന്നു അരവിന്ദ് കെജ്രിവാൾ. കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് സമാനമായ താല്‍പ്പര്യം ഈ തെരഞ്ഞെടുപ്പ് വോട്ടർമാരിൽ ഉയർത്തിയില്ല.


