ന്യൂഡെല്‍ഹി: സി.ബി.ഐ കേസില്‍ മോദി സര്‍ക്കാരിന് തിരിച്ചടി. സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയെ ചുമതലയില്‍ നിന്ന് നീക്കി സര്‍ക്കാരും കേന്ദ്ര വിജിലന്‍സ് കമ്മീഷനും ഇറക്കിയ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വര്‍മയെ സി.ബി.ഐ ഡയറക്ടറായി കോടതി വീണ്ടും നിയമിച്ചു. എന്നാല്‍ സി.ബി.ഐയുടെ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും അലോക് വര്‍മയെ കോടതി വിലക്കി.

ഡല്‍ഹി സെപ്ഷ്യല്‍ പൊലീസ് നിയമ പ്രകാരം സി.ബി.ഐ ഡയറക്ടറുടെ കുറഞ്ഞ കാലാവധി രണ്ട് വര്‍ഷമാണെന്ന് വ്യക്തമാക്കിയും സി.ബി.ഐ ഡയറക്ടര്‍ക്ക് മേല്‍ ബാഹ്യ ഇടപെടല്‍ പാടില്ല എന്ന് നിഷ്കര്‍ഷിച്ചും 1997ലെ വിനീത് നാരായണ്‍ കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞിരുന്നു. അലോക് വര്‍മയെ ചുമതലയില്‍ നിന്ന് നീക്കിയ ഒക്ടോബര്‍ 23ലെ കേന്ദ്ര സര്‍ക്കാര്‍ നടപടി ഈ വിധിയുടെ ലംഘനമാണെന്ന് സുപ്രീംകോടതി ഇന്ന് നിരീക്ഷിച്ചു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അടങ്ങിയ ഉന്നതാധികാര സമിതിക്കാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ അധികാരമുള്ളതെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.


