മുംബൈ: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തില്‍ വിമര്‍ശനവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയില്‍ തോല്‍ക്കുമെന്ന് ഉറപ്പായതോടെ ഭൂതക്കണ്ണാടി വച്ച് പുതിയ മണ്ഡലം കണ്ടെടുക്കുകയായിരുന്നെന്നു മോദി പരിഹസിച്ചു. മറാഠ്വാഡയിലെ നാന്ദേഡില്‍ ബിജെപി-ശിവസേന സഖ്യത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘അമേഠിയിലെ ജയത്തെക്കുറിപ്പ് ഭയമുള്ളതിനാല്‍ വിജയിക്കാന്‍ സാധ്യതയുള്ള മണ്ഡലം ഭൂതക്കണ്ണാടി വച്ച് കോണ്‍ഗ്രസ് കണ്ടുപിടിക്കുകയായിരുന്നു. വയനാട്ടില്‍ രാഹുലിന്റെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനു ശേഷമുള്ള റാലിയില്‍ കോണ്‍ഗ്രസിന്റെ പതാക കണ്ടിരുന്നോ? ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലത്തിലേക്ക് രാഹുല്‍ ഒളിച്ചോടി’ മോദി ആരോപിച്ചു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ അശോക് ചവാന് മല്‍സരിക്കുന്ന മണ്ഡലമാണ് നാന്ദേഡ്.
‘ടൈറ്റാനിക് കപ്പല്‍ പോലെയാണു കോണ്‍ഗ്രസ്. ഓരോ ദിവസം കഴിയുന്തോറും അതു കടലില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ലോക്സഭയില്‍ 44 സീറ്റിലേക്കു ചുരുങ്ങി. ഇത്തവണ അതിനേക്കാള്‍ മോശം അവസ്ഥയായിരിക്കും. അതു കൊണ്ടാണു പ്രതിപക്ഷ സഖ്യത്തിലെ ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍ തുടങ്ങിയ നേതാക്കള്‍ മല്‍സരിക്കാത്തത്’ മോദി പറഞ്ഞു.
രാജപരമ്പരയില്‍ നിന്നോ, പണത്തില്‍ നിന്നോ അല്ല, പാര്‍ട്ടി പ്രവര്‍ത്തകരുടെ വിയര്‍പ്പില്‍ നിന്നാണു ബിജെപി വളര്‍ന്നതെന്നു പാര്‍ട്ടിയുടെ 39ാം സ്ഥാപക ദിനത്തില്‍ ഒഡീഷയിലെ തിരഞ്ഞെടുപ്പു റാലിയില്‍ മോദി പറഞ്ഞു.


