ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഗുണ്ടാ വിളയാട്ടമുണ്ടായതിനെതിരെ രാജ്യമാകെ പ്രതിഷേധം ഉയരുമ്പോള്‍ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ കേസെടുത്ത് ദില്ലി പൊലീസ്. ജനുവരി നാലിന് ക്യാമ്പസിലെ സെർവർ റൂമിൽ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
സർവകലാശാല നൽകിയ പരാതിയില്‍ ഐഷി ഉൾപ്പെടെ 19 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് തടസപ്പെടുത്തിയെന്നും സെക്യൂരിട്ടി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നുമാണ് എഫ്ഐആര്‍. ഞായറാഴ്ച രാത്രി ജെഎന്‍യുവില്‍ പുറത്ത് നിന്നെത്തിയ സംഘം അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ക്രൂരമായി തല്ലിചതച്ചിരുന്നു. ഇതിനെതിരെ ദില്ലി പൊലീസിനെതിരെയും സര്‍വകലാശാല വൈസ് ചാന്സലര്ക്കെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് യൂണിയന് പ്രസിഡന്റും അക്രമത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഐഷിക്കെതിരെ കേസെടുത്ത വാര്‍ത്ത പുറത്ത് വരുന്നത്.


