ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രന് കാണിച്ച കാര്യങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നും കോടതി വാദിച്ചു.. സുരേന്ദ്രന് എന്തിനാണ് ശബരിമലയില്‍ പോയതെന്ന് ഹൈക്കോടതി ചോദിച്ചു. ചിത്തിര ആട്ടവിശേഷദിവസം അന്പത്തിരണ്ടുകാരിയായ ഭക്തയെ തടഞ്ഞ കേസില്‍ സുരേന്ദ്രന് സമര്‍പ്പിച്ച ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
ഉത്തരവാദിത്തമുള്ള പദവിയിലുള്ളയാള്‍ ഇങ്ങനെ ചെയ്യരുത്. ഭക്തിയുടെ പേരില്‍ കലാപം അഴിച്ച് വിടരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. സുരേന്ദ്രന്റെ പേരില്‍ എട്ട് വാറന്റുകള്‍ നിലവിലുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാണിച്ചപ്പോള്‍ മന്ത്രിമാര്‍ക്കെതിരെയും കേസുകളില്ലേയെന്നും എത്രകാലം സുരേന്ദ്രനെ ജയിലിലിടാന്‍ പറ്റുമെന്നും കോടതി ചോദിച്ചു.സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ബാക്കി വാദം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച വിധി പറയുമെന്നും ഹൈക്കോടതി വ്യക്തമാക്കി.


