കേരളത്തിൻറ്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിൽ ആണെന്ന് കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ പറഞ്ഞു. 1956 ലെ ഇ.എം.എസ് സർകാർമുതൽ 2016 ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിയുന്നത് വരെ വരുത്തിയ പൊതു കടം ഒരു ലക്ഷത്തി അൻപതിനായിരം കോടി രൂപയായിരുന്നെങ്കിൽ കഴിഞ്ഞ നാലര വർഷത്തെ ഇടതു ഭരണത്തിൽ ഇതിനോടകം പൊതുകടം രണ്ട് ലക്ഷത്തി എഴുപത്തിയയ്യായിരം കോടി രൂപയായി മാറിയെന്നും , 2020 -21 സാമ്പത്തിക വര്ഷാന്ത്യത്തോടെ അതു മൂന്നു ലക്ഷം കോടി രൂപയായി വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന പലിശ നിരക്കിൽ കിഫ്ബി വാങ്ങി കൂട്ടുന്ന കടം ഇതിനു പുറമെ ആണെന്നും, കേരളത്തിൽ പിറക്കുന്ന ഓരോ കുഞ്ഞും 75000 രൂപയുടെ കടവുമായാണ് ജനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസിന്റ്റെ ആഭിമുഖ്യത്തിൽ നടത്തിയ ” കേരളത്തിൻറ്റെ സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളികൾ” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ചാപ്റ്റർ പ്രസിഡന്റ് കെ .സി. ചന്ദ്രഹാസൻ മോഡറേറ്റർ ആയിരുന്ന വെബിനറിൽ പി.എസ് .ശ്രീകുമാർ സ്വാഗതവും , ഡോ .വിജയലക്ഷ്മി കൃതജ്ഞതയും പറഞ്ഞു. ഡോ .എസ് ,എസ് .ലാൽ , രാകേഷ്മോഹൻ,ഡോ .സുഹൈൽ അബ്ദുല്ല, ഡോ .ശാന്തകുമാർ , മാത്യൂചാക്കോ ,അഖിലേഷ് നായർ , പി.സുദീപ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. നികുതി പിരിച്ചെടുക്കുന്നതിൽ പരാജയപ്പെട്ട ഇടത് സർക്കാർ , സ്വർണ നികുതി പിരിച്ചെടുക്കുന്നതിൽ അക്ഷന്ത്യവ്യമായ വീഴ്ചയാണ് വരുത്തിയതെന്നും സതീശൻ പറഞ്ഞു. ജി എസ് ടി നടപ്പിലാക്കുന്നതിനുമുമ്പ് 1 .25 ശതമാനമാനം വച്ച് 750 കോടി രൂപ സ്വർണ നികുതിയായി കിട്ടിയിരുന്ന സ്ഥാനത്തു ജി.എസ് .ടി മൂന്നു ശതമാനമായി മാറിയപ്പോൾ, 2018 ൽ നികുതിയായി കിട്ടിയത് വെറും 200 കോടി രൂപ മാത്രമായിരുന്നു.1800 കോടി രൂപ കിട്ടേണ്ട സ്ഥാനത്താണ് ഇത് . അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നതിനൊപ്പം , നികുതിപിരിവ് ഊർജിത മാക്കുകയും ചെയ്തില്ലെങ്കിൽ സംസ്ഥാനം കടക്കെണിയിലകപ്പെടുമെന്നും അദ്ദേഹം സർക്കാരിന് മുന്നറിയിപ്പ് നൽകി.