പണം തട്ടിപ്പ് കേസില്‍ പി.വി.അന്‍വര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
പ്രവാസിയിൽ നിന്നും പണം തട്ടിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. 50 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. അന്വേഷണം നടത്താതിരിക്കാൻ തക്ക വാദങ്ങളൊന്നും ഹർജിയിൽ ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. .
ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദ്ധാനം ചെയ്താണ് പ്രവാസി മലയാളിയിൽ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തത്. 2012ൽ മംഗലാപുരത്ത് ക്രഷർ യൂണിറ്റിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രവാസി മലയാളിയായ സലീമിൽ നിന്നും അൻവർ എം.എൽ.എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. എന്നാൽ ഈ സമയത്ത് അൻവറിന് മംഗലാപുരത്ത് ക്രഷർ യൂണിറ്റ് ഉണ്ടായിരുന്നില്ലെന്ന് രേഖകൾ തെളിയിക്കുന്നു.
22 ഏക്കര്‍ സ്ഥലമുണ്ടെന്ന് പറഞ്ഞിടത്ത് ഒരേക്കര്‍ 87 സെന്റ് ഭൂമി മാത്രമേ ഉള്ളുവെന്നും രേഖകളില്‍ വ്യക്തമാണ്. മംഗലാപുരത്ത് കെ.ഇ ക്രഷര്‍ എന്ന പേരില്‍ സ്വന്തമായി സ്ഥാപനമുണ്ടെന്നും ഇതില്‍ പത്ത് ശതമാനം ഓഹരി നൽകാമെന്നും പറഞ്ഞാണ് അന്‍വര്‍ സലീമില്‍ നിന്ന് പണം വാങ്ങിയത്. എന്നാൽ ഇതിന് പിന്നിൽ തട്ടിപ്പാണെന്ന് മനസിലായതോടെ സലീം പൊലീസിൽ പരാതി നൽകുകയായിരുന്നു.


