തിരുവനന്തപുരം: പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയും റോഡ് സെസും ലിറ്ററിന് ഓരോ രൂപ വച്ച് അധികം ചുമത്തിയ കേന്ദ്രബഡ്ജറ്റ് പ്രഖ്യാപനം വന്‍വിലക്കയറ്റത്തിന് കാരണമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പെട്രോളിന്റെയും ഡീസലിന്റെയും പേരില്‍ വന്‍കൊള്ളയാണ് നേരത്തെ തന്നെ നടത്തി വന്നിരുന്നത്. അത് അവസാനിക്കുപ്പിക്കുന്നതിന് പകരം വീണ്ടും കൊള്ള കൂടുതല്‍ ശക്തിയായി തുടരുകയാണ് ചെയ്തിരിക്കുന്നത്. ഇത് വഴി തങ്ങളെ വോട്ട് ചെയ്ത് അധികാരത്തില്‍ കയറ്റിയ ജനങ്ങളെ ശിക്ഷിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
കേരളത്തെ പൂര്‍ണ്ണമായി ബഡ്ജറ്റില്‍ അവഗണിച്ചിരിക്കുന്നു. കേരളത്തിന് അര്‍ഹമായ നികുതി വിഹിതം നല്‍കിയില്ലെന്ന് മാത്രമല്ല പ്രളയത്തില്‍ കനത്ത നാശനഷ്ടമുണ്ടായ കേരളത്തിന് ആശ്വാസം നല്‍കുകയും ചെയ്തിച്ചില്ല. റബ്ബറിന് താങ്ങുവില വര്‍ദ്ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം ചെവിക്കൊണ്ടിട്ടില്ല. കശുവണ്ടി ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചത് ഇപ്പോള്‍ തന്നെ വന്‍പ്രതിസന്ധി നേരിടുന്ന കശുവണ്ടി വ്യവസായത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടും.
കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് വാരിക്കോരി നല്കുന്ന മുന്‍സമീപനം തുടരുകയാണ് നിര്‍മ്മലാ സീതാരാമന്റെ ബഡ്ജറ്റും ചെയ്തിരിക്കുന്നത്. അതേ സമയം കാര്‍ഷിക, ഫിഷറീസ് രംഗത്തെ അവഗണിക്കുകയും ചെയ്തു. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന തോതില്‍ തൊഴിലില്ലായ്മ നേരിടുന്ന ഈ ഘട്ടത്തില്‍ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടില്ല. ആദായ നികുതി നിരക്കുകള്‍ പരിഷ്ക്കരിക്കാതെ കബളിപ്പിക്കലാണ് നടത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

