ദില്ലി: കള്ളപ്പണക്കേസിൽ അറസ്റ്റിലായ കർണ്ണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഈ മാസം 13 വരെ റിമാൻഡ് ചെയ്തു. 14 ദിവസത്തെ റിമാൻഡായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 9 ദിവസത്തേക്കാണ് ഇപ്പോൾ പ്രത്യേക സിബിഐ കോടതി ശിവകുമാറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.
എല്ലാ ദിവസവും അരമണിക്കൂർ നേരം ബന്ധുക്കൾക്ക് ശിവകുമാറിനെ സന്ദർശിക്കാനും സിബിഐ ജഡ്ജി അജയ് കുമാർ കുഹാർ അനുമതി നൽകി. അന്വേഷണവുമായി പൂർണമായി സഹകരിച്ചു എന്ന് ശിവകുമാർ കോടതിയെ അറിയിച്ചു. താൻ അന്വേഷണത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും ഡി കെ ശിവകുമാർ കോടതിയിൽ വ്യക്തമാക്കി.
ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിൽ ശിവകുമാറിന്റെ നിയമ വിരുദ്ധ ഇടപാടുകൾക്ക് നിരവധി തെളിവുകൾ ലഭിച്ചുവെന്നാണ് എൻഫോഴ്സ്മെന്റ് പറയുന്നത്.
അന്വേഷണം നിർണ്ണായകഘട്ടത്തിലാണെന്നും ശിവകുമാറിനെ കസ്റ്റഡിയിൽ ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വാദിച്ചു. ചോദ്യം ചെയ്യൽ സമയത്ത് എങ്ങും തൊടാത്ത മറുപടികളാണ് ശിവകുമാർ നൽകിയതെന്നും ശിവകുമാർ കുറ്റക്കാരനാണെന്ന് വിശ്വസിക്കാൻ കാരണങ്ങളുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ശിവകുമാറിന്റെയും കുടുംബത്തിന്റെയും സ്വത്തിൽ അസാധാരണ വളർച്ചയാണുണ്ടായതെന്നും എൻഫോഴ്സ്മെന്റ് പറയുന്നു.

