മുംബൈ: ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട അറസ്റ്റ് ഒഴിവാക്കുന്നതിന് സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യാപേക്ഷയിൽ ബിനോയ് കോടിയേരിക്ക് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.25000 രൂപ കെട്ടിവയ്ക്കണം. ഒരാൾ ജാമ്യവും എടുക്കണമെന്നാണ് കോടതി വിധി. മുംബൈ ദിൻഡോഷി കോടതിയാണ് മുൻകൂര്‍ ജാമ്യം അനുവദിച്ചത്.
ഒരു വ്യക്തിയുടെ അവകാശം എന്ന നിലയിലാണ് മുൻകൂര്‍ ജാമ്യം അനുവദിക്കുന്നത് എന്നാണ് കോടതി പറഞ്ഞത്. എന്നാൽ ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള നടപടികളോട് സഹകരിക്കാനാകില്ലെന്ന ബിനോയ് കോടിയേരിയുടെ നിലപാട് അംഗീകരിച്ചിട്ടില്ല. കേസ് അന്വേഷിക്കുന്ന ഓഷിവാര പൊലീസ് ആവശ്യപ്പെടുന്ന പക്ഷം ഡിഎൻഎ ടെസ്റ്റിനുള്ള രക്ത സാമ്പിളുകൾ നൽകുന്നതിനടക്കം ബിനോയ് കോടിയേരി തയ്യാറാകണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.
തെളിവ് നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്ന് കൂടി ഓര്‍മ്മിപ്പിച്ചാണ് കോടതി ബിനോയ് കോടിയേരിക്ക് മുൻകൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ബിനോയ് ഹാജരാകുമെന്നും കേസന്വേഷണവുമായി സഹകരിക്കും എന്നും പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചു. അന്വേഷണ കാലയളവിൽ ബിനോയ്ക്കു രാജ്യം വിട്ടു പുറത്തു പോകണമെങ്കിൽ കോടതിയെ അറിയിച്ചു അനുമതി വാങ്ങണം.