തൃശ്ശൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലം കഴിഞ്ഞാല്‍ ഏറ്റവും അധികം മാധ്യമശ്രദ്ധ നേടിയ മണ്ഡലമായി മാറിയത് ആലത്തൂര്‍ ലോക്സഭാ മണ്ഡലമാണ്. പ്രചരണത്തിന് ഇറങ്ങിയത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ സ്ഥാനാര്‍ത്ഥിക്ക് വലിയ പ്രചരണമാണ് സൈബര്‍ ലോകത്തു നിന്നും ലഭിച്ചത്.

ഏറ്റവും ഒടുവില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ലൈംഗികമായി അധിക്ഷേപിക്കുക കൂടി ചെയ്തതോടെ രമ്യക്ക് അനുകൂലമായി സഹതാപക്കാറ്റാണ് മണ്ഡലത്തില്‍ വീശുന്നത്. ചുരുങ്ങിയ ദിവസം കൊണ്ട് മണ്ഡലത്തില്‍ തരംഗമായി മാറിയ രമ്യ ഹരിദാസ് പ്രചരണ രംഗത്ത് വ്യക്തമായ മേല്‍ക്കൈ നേടി. ഇതോടെ അട്ടിമറിഭീതിയിലാണ് സിപിഎം.
രമ്യ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ ആരാണ് ഈ സ്ഥാനാര്‍ത്ഥി എന്ന കൗതുകമാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. രാഹുല്‍ ബ്രിഗേഡ് ആണെന്ന് ബോധ്യമായതോടെ മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ ഗ്രൂപ്പിസമെല്ലാം മറന്ന് പ്രചരണ പ്രവര്‍ത്തനം തുടങ്ങി. സോഷ്യല്‍ മീഡിയയിലൂടെ താരമായതോടെ യുവാക്കള്‍ക്കിടയില്‍ വലയ സ്വാധീനമുണ്ടാക്കാന്‍ രമ്യക്ക് സാധിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അടക്കം രമ്യയുടെ പ്രചരണത്തില്‍ സജീവമായി രംഗത്തുണ്ട്. നാടന്‍ പാട്ടുപാടി തന്നെയാണ് രമ്യയുടെ പ്രചരണം. പാട്ടുപാടി വോട്ടു പിടിക്കുന്നതിനെതിരെ ദീപാ നിശാന്തിനെ പോലൊരു ഇടതു ബുദ്ധിജീവി രംഗത്തുവന്നതും ഫലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഗുണകരമായി മാറി.

ദീപാ നിശാന്തിന്റെ വിമര്‍ശനത്തിനെതിരെ വലിയ ബഹളമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്. താന്‍ പാട്ടുപാടി തന്നെ വിജയിക്കുമെന്നു തന്നെയാണ് രമ്യ ഇതോടെ പറഞ്ഞത്. അതുകൊണ്ടും തീര്‍ന്നില്ല, പ്രസരിപ്പോടെ വോട്ടു പിടിക്കുന്ന രമ്യയുടെ പോസ്റ്ററില്‍ സിപിഎമ്മിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രം പതിച്ചു. ഇതും സിപിഎം ഗുണ്ടായിസത്തിന്റെ ഭാഗമായാണ് ആളുകള്‍ നോക്കിക്കണ്ടത്. ഈ വിവാദം ശമിച്ചിരിക്കുന്ന ഘട്ടത്തിലാണ് എല്‍ഡിഎഫ് കണ്‍വീനറുടെ വിവാദ പ്രസംഗവും വന്നത്. രമ്യക്കെതിരായ അശ്ലീല പരാമര്‍ശം മണ്ഡലത്തില്‍ സിപിഎമ്മിനെ പിന്നോട്ടടിക്കുകയാണ് ഉണ്ടായത്. എന്തായാലും വിവാദങ്ങളില്‍ കുലുങ്ങാതെ വോട്ടു പിടിക്കുന്നത് തുടര്ന്നിരിക്കയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
ഇത്രയും ആയതോടെ പ്രചരണ രംഗത്ത് വ്യക്തമായ മുന്‍തൂക്കം രമ്യ ഹരിദാസ് നേടിയെന്ന വിലയിരുത്തല്‍ സിപിഎമ്മിലും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും ആലത്തൂര്‍ മണ്ഡലം ചര്‍ച്ചയായത് സിപിഎം ശരിക്കും വിറച്ചു എന്നതിന്റെ തെളിവായി മാറി.


