ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെ വിമര്‍ശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ നടപടികള്‍ രോഗം വ്യാപിപ്പിച്ച ശേഷം അതില്‍ ചികില്‍സ നടത്തുന്നതുപോലെയാണ്. പ്രശ്നങ്ങളുണ്ടാക്കിയ ശേഷം അവര്‍ അതിനു പരിഹാരം തേടും. 30 മുതല്‍ 35 ലക്ഷം വരെ ജനങ്ങള്‍ കാര്‍ഷിക വായ്പകള്‍ നേടുന്നതിന് അര്‍ഹതയുണ്ടായിരുന്നില്ലെന്ന് സിഎജി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നടപടിയില്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമാണു നേട്ടം ലഭിക്കുന്നതെന്നു പ്രധാനമന്ത്രി ആരോപിച്ചു. ഒരു ദശാബ്ദത്തിനു മുന്‍പ് സമാനമായ വാഗ്ദാനം നല്‍കിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.
പക്ഷേ എല്ലാവരെയും കോണ്‍ഗ്രസ് കബളിപ്പിക്കുകയായിരുന്നു- പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനിടെ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കാര്‍ഷിക വായ്പകള്‍ എഴുതത്തള്ളുമെന്ന പ്രഖ്യാപനവുമായാണ് മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപിയോടുള്ള കര്‍ഷക രോഷം കൂടിയായതോടെ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തിലേറി. ഇതിനു പിന്നാലെ കടങ്ങള്‍ എഴുതിത്തള്ളിയതായി അതതു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അറിയിക്കുകയും ചെയ്തു. കശ്മീരില്‍ ഞായറാഴ്ച തുടക്കംകുറിക്കുന്ന വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ വീണ്ടും എത്തുമെന്ന് ഉറപ്പു നല്‍കുന്നുവെന്ന് ലേയില്‍ നടന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ബിലാസ്പൂര്‍ – മണാലി – ലേ റെയില്‍ പദ്ധതി പൂര്‍ത്തിയായതോടെ വിനോദ സഞ്ചാര മേഖലയില്‍ പ്രകടമായ മാറ്റം ഉണ്ടാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

