ന്യൂഡല്‍ഹി : ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ കഴിയുന്ന പി .ചിദംബരം വീട്ടില്‍ നിന്നുള്ള ഭക്ഷണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി കോടതിയില്‍ അപേക്ഷ നല്കി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി അവസാനിക്കുന്ന ഒക്ടോബര്‍ മൂന്നിന് അപേക്ഷ കോടതി പരിഗണിക്കും. സെപ്തംബര്‍ 5 മുതല്‍ തിഹാര്‍ ജയിലിലാണ് മുന്‍ ധനകാര്യമന്ത്രികൂടിയായ ചിദംബരം.
ഇത് രണ്ടാം തവണയാണ് വീട്ടില്‍ നിന്നുള്ള ഭക്ഷണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചിദംബരം ഡല്‍ഹി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുന്നത്. ആദ്യം സമര്‍പ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 12 ന് കോടതി തള്ളിയിരുന്നു. ചിദംബരത്തിന് 74 വയസ്സുണ്ടെന്നും, വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ അദ്ദേഹം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നും ആയതിനാല്‍ അദ്ദേഹത്തിന് വീട്ടില്‍ നിന്നുള്ള ഭക്ഷണം ലഭ്യമാക്കണം എന്നുമായിരുന്നു ചിദംബരത്തിന്റെ അഭിഭാകന് കബില്‍ സിബല്‍ കോടതിയെ അറിയിച്ചത്.
എന്നാല്‍ എല്ലാ തടവുപുള്ളികള്‍ക്കും ഒരേ നിയമമാണ് ഉള്ളതെന്നും, ഒരാള്‍ക്ക് മാത്രമായി പ്രത്യേക പരിഗണ നല്‍കാനാകില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. തുടര്‍ന്നാണ് ചിദംബരത്തിന്റെ അപേക്ഷ കോടതി തള്ളിയത്.
ഐഎന്‍എക്സ് മീഡിയാ കേസില്‍ ഓഗസ്റ്റ് 21നാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. 74കാരനായ ചിദംബരത്തിന് സെല്ലില്‍ തലയിണയോ കസേരയോ ഇല്ലെന്ന് അദ്ദേഹത്തിന്റെ വക്കീല്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇത് ചിദംബരത്തിന് പുറംവേദന കൂട്ടുന്നുണ്ടെന്നുമുള്ള അഭിഭാഷകന്റെ വാദം കോടതി തള്ളുകയും ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ മൂന്ന് വരെ നീട്ടുകയുമായിരുന്നു.


