തിരുവനന്തപുരം: കുടിവെള്ളക്ഷാമം രൂക്ഷമായ പാലക്കാട് എലപ്പുള്ളിയില്‍ പ്രതിവര്‍ഷം അഞ്ച് കോടി ലിറ്റര്‍ ബിയര്‍ ഉത്പാദിപ്പിക്കാന്‍ അനുമതി നല്കിയ സര്‍ക്കാരിനെതിരെ ഭരണപരിഷ്ക്കാര കമ്മിഷന് അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന് രംഗത്തെത്തി. തീരുമാനം പുനപരിശോധിക്കണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും ഈ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനാവില്ല. ഭൂഗര്‍ഭ ജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ചിടത്താണ് വന്‍തോതില്‍ ജലചൂഷണം നടത്തി മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബിയര്‍ കമ്പനിക്ക് അനുമതി നല്‍കിയത് എന്നത് ആശങ്കാജനകമാണ്. പെപ്സി, കൊക്കക്കോള കമ്പനികള്‍ക്കെതിരെ നിരന്തര പോരാട്ടം നടത്തേണ്ടിവന്ന ജനങ്ങളെ ഇനിയും കഷ്ടപ്പെടുത്തരുതെന്നും വി.എസ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. അതേസമയം, പാലക്കാട് ജില്ലയിലെ നിര്‍ദ്ദിഷ്ട ബിയര്‍ ഉത്പാദന കേന്ദ്രത്തിനെതിരെ സി.പി.എം പ്രാദേശിക ഘടകം ഉള്‍പ്പെടെ രംഗത്ത് വന്നിട്ടുണ്ട്. ജില്ലയില്‍ ബഹുരാഷ്ട്ര കുത്തകള്‍ നടത്തി വന്നിരുന്ന പ്ലാന്റുകള്‍ പൂട്ടിക്കാന്‍ സമരം ചെയ്തതും പ്രാദേശിക സി.പി.എം നേതാക്കളാണ്.

