കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടിയില്‍ സഹകരിക്കില്ലെന്ന് പ്രതിപക്ഷം. നികുതിഭാരം കൂട്ടി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം വരുത്തിവെച്ചാണ് ആഘോഷമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് വിമര്‍ശിച്ചു. വിവിധ മേഖലകളില്‍ നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് പരിപാടികളോട് സഹകരിക്കാത്തതെന്ന് വിഡി സതീശന് വ്യക്തമാക്കി.
സതീശന് പറഞ്ഞത്
സംസ്ഥാന സര്‍ക്കാരിന്റെ കൊടുകാര്യസ്ഥത കൊണ്ടും അനാസ്ഥകൊണ്ടുമാണ് ചരിത്രത്തില്‍ ഇല്ലാത്ത നികുതിഭാരം ജനങ്ങക്കുമേല് വന്നത്. സാധാരണക്കാരുടെ ജീവിതം ദുരിത പൂര്‍ണമാകും. നികുതി പിരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. ട്രഷറിയില്‍ നിന്ന് പണം കൊടുക്കുന്നില്ല. സ്വാഭാവിക വിലക്കയറ്റത്തിനൊപ്പം കൃത്രിമ വിലക്കയറ്റം കൂടി ഇന്ന് മുതല്‍ നടപ്പിലാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ജപ്തി നോട്ടീസുകള്‍ വന്നിരുന്നു. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ സാധാരണക്കാരന് ബുദ്ധിമുട്ടുന്ന സമയത്ത് ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാരിനായില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ജനങ്ങളെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ എത്തിച്ചതിനു ശേഷമാണ് ആഘോഷ പരിപാടികളുമായി സര്‍ക്കാര്‍ പരസ്യമായിറങ്ങിയിരിക്കുന്നത്. ജനജീവിതം ദുസ്സഹകരമാകുന്ന ദിവസം തന്നെ സര്‍ക്കാര്‍ വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത് വലിയ വിരോധഭാസമാണെന്നും വിഡി സതീശന് പറഞ്ഞു.
കഴിഞ്ഞ ദിവസം ട്രഷറി പൂട്ടുമെന്ന് പറഞ്ഞിട്ട് പൂട്ടിയില്ലെന്ന സിപിഐഎം സെക്രട്ടറി പറഞ്ഞിരുന്നു. ട്രഷറി പൂട്ടുന്നതിനേക്കാള്‍ ദയനീയ സാഹചര്യമാണ് കേരളത്തിലുള്ളത്. ഒരു പണവും കൊടുക്കാന്‍ പറ്റുന്നില്ല. മാര്‍ച്ച് 29ന് ട്രഷറി യഥാര്‍ത്ഥത്തില്‍ പൂട്ടിതാണ്. പാവപ്പെട്ടവര്‍ക്ക് കോടിക്കണക്കിന് രൂപയാണ് കൊടിക്കാനുള്ളതെന്നും വിഡി സതീശന് പറഞ്ഞു. നെല്‍കര്‍ഷകര്‍ക്ക് പണം കൊടുത്തില്ല, ആശ്വാസ കിരണം പെന്ഷന് കൊടുത്തില്ല, കെട്ടിട നിര്‍മ്മാണ തൊഴിലാളികളുടെ പെന്‍ഷനും മുടങ്ങിക്കിടക്കുകയാണ്. സാമൂഹ്യസുരക്ഷാ പെന്‍ഷനും കൊടുക്കാന്‍ വൈകി. ഇതിലും നല്ലത് ട്രഷറി പൂട്ടുന്നതാണ്. സര്‍ക്കാര്‍ കടക്കെണിയിലായ കാര്യങ്ങള്‍ മറച്ചുവെച്ചാണ് മുന്നോട്ട് പോകുന്നത്. നികുതി കൊള്ളയാണ് നടക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടുണ്ട്. നിയോജക മണ്ഡലങ്ങളില്‍ വികസന പ്രവര്‍ത്തനത്തില്‍ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും പങ്കെടുക്കാം. കടുത്ത നിലപാട് പ്രതിപക്ഷം സ്വീകരിച്ചില്ലെങ്കില്‍ ജനം പ്രതിപക്ഷത്തെ ചോദ്യം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


