എറണാകുളം: കലിംഗയുടെ വ്യാജ സര്‍ട്ടിഫിക്കറ്റിനായി നിഖില്‍ തോമസില്‍ നിന്നും രണ്ട് ലക്ഷം വാങ്ങിയെന്ന് അബിന്‍ സി രാജ്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 1,25000 രൂപ മാത്രമാണ് ചിലവായത്. ബാക്കി 75,000 രൂപ താന്‍ നിഖിലറിയാതെ കൈക്കലാക്കി എന്നാണ് അബിന്റെ തുറന്നുപറച്ചില്‍. പോലീസിന്റെ ചോദ്യം ചെയ്യലിലായിരുന്നു മുന്‍ എസ്എഫ്ഐ നേതാവ് കൂടിയായ അബിന്‍ സി രാജിന്റെ വെളിപ്പെടുത്തല്‍.
നിഖില്‍ തോമസിനെയും അബിന്‍ സി രാജിനെയും പോലീസ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച പാലാരിവട്ടത്തെ ഓറിയോണ്‍ എഡ്യു വിങ്സ് നേരത്തെ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത് പാലാരിവട്ടത്തെ സ്ഥാപനത്തില്‍ ആണെന്ന് സ്ഥിരീകരിച്ചതായി പോലീസ് വ്യക്തമാക്കി. സ്ഥാപനത്തിന്റെ ഉടമ സജുവിനെ പ്രതിയാക്കുന്ന കാര്യം പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.


