കൊച്ചി: കുടുംബശ്രീ ലോണ്‍ തട്ടിപ്പിനെ നിയമപരമായി നേരിടുമെന്നും തട്ടിപ്പ് നടത്തിയവരെ ഒരു തരത്തിലും സഹായിക്കില്ലെന്നും കൊച്ചി കോര്പറേഷന് മേയര്‍ എം അനില്‍ കുമാര്‍. കോര്‍പറേഷന്റെ രണ്ടു ഡിവിഷനുകളില്‍ മാത്രം ഒരു കോടിയിലേറെ രൂപയുടെ ഏഴു തട്ടിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. കൗണ്‍സിലറുടെയും എ.ഡി.എസിന്റെയും വ്യാജസീലും നിര്‍മിച്ചാണ് സ്ത്രീകളുള്‍പ്പെടെയുള്ള സംഘം വന്‍ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് വിവരം.
ഇത്തരമൊരു തട്ടിപ്പ് നടക്കുന്നതായി രണ്ട് ആഴ്ച മുമ്പ് തന്നെ കൗണ്‍സിലര്‍ പി എസ് വിജു തന്നെ അറിയിച്ചിരുന്നു. കൗണ്സിലറിനെക്കൊണ്ട് ഇക്കാര്യം വ്യക്തമാക്കി കമ്മിഷണര്‍ക്ക് പരാതി കൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയും വിഷയത്തില്‍ ഫോളോ അപ്പ് നടത്തുകയും ചെയ്തിരുന്നു. കമ്മിഷണര്‍ സ്പെഷ്യല്‍ ടീമിനെ നിയമിച്ച് അന്വേഷണം ശക്തമായി ആരംഭിച്ചതായും അറിയിച്ചിരുന്നുവെന്നും കൊച്ചി മേയര്‍ പറഞ്ഞു.