ഒറ്റപ്പാലം: സ്വര്‍ണവും പണവും വാങ്ങി കബളിച്ചെന്ന കേസില്‍ പൊലീസ് ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തു. വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐയായ മലപ്പുറം തവനൂര്‍ സ്വദേശിനി ആര്യശ്രീ(47)യെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ പഴയന്നൂര്‍ സ്വദേശിനിയില്‍ നിന്ന് 93പവന് സ്വര്‍ണവും ഒന്നരലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയില്‍ നിന്ന് ഏഴരലക്ഷം രൂപയും വാങ്ങി തിരികെ നല്‍കാതെ കബളിപ്പിച്ചെന്നാണ് പരാതി.
ഒരു വര്‍ഷത്തിനകം സ്വര്‍ണവും മൂന്ന് ലക്ഷം രൂപ ലാഭവും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് 2017ല്‍ പഴയന്നൂര്‍ സ്വദേശിയില്‍ നിന്നു സ്വര്‍ണ്ണം കൈക്കലാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇതിന് ശേഷമാണ് മൂന്ന് ഘട്ടങ്ങളിലായി ഇവരില്‍ നിന്ന് ഒന്നരലക്ഷം രൂപ വാങ്ങിയതെന്നും പൊലീസ് പറഞ്ഞു. ആര്യശ്രീയും പഴയന്നൂര്‍ സ്വദേശിനിയും സഹപാഠികളായിരുന്നു. ഇവരുടെ ഇടപാടുകള്‍ നടന്നത് ഒറ്റപ്പാലം നഗരത്തില്‍വെച്ചായിരുന്നു. സ്വര്‍ണവും പണവും തിരികെ ലഭിക്കാതിരുന്നതോടെയാണ് പഴയന്നൂര്‍ സ്വദേശി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
രണ്ട് വര്‍ഷം മുന്‍പാണ് ഒറ്റപ്പാലം സ്വദേശിയില്‍ നിന്ന് ഏഴരലക്ഷം രൂപ കൈക്കലാക്കിയത്. വ്യവസായം തുടങ്ങാനെന്ന് പറഞ്ഞു പണം വാങ്ങിയെന്നാണ് വിവരം. രണ്ട് കേസുകളാണ് ആര്യശ്രീക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. അന്വേഷണവിധേയമായി സര്‍വീസില്‍ നിന്ന് ആര്യശ്രീയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.


