ചെന്നൈ: കാഞ്ചിപൂരത്ത് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഗുണ്ടകളെ പോലീസ് വെടിവെച്ചുകൊന്നു. രഘുവരൻ, കറുപ്പുഹാസൻ എന്നിവരെയാണ് പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്.
ആറുമാസത്തിനിടെ തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആറാമത്തെ ഏറ്റുമുട്ടല്‍ കൊലയാണിത്.
കഴിഞ്ഞ ദിവസം കാഞ്ചിപുരത്ത് പ്രഭാകരൻ എന്ന ക്രിമിനലിനെ പട്ടാപകല്‍ ഒരു സംഘം ആളുകള്‍ റോഡില്‍ വച്ചു വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെയാണ് ഇന്ന് പുലര്‍ച്ചെയോടെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്.
പ്രഭാകരൻ കൊലക്കേസിലെ പ്രതികളെന്നു സംശയിക്കുന്ന രഘുവരൻ ഉള്‍പ്പെടുന്ന സംഘം ഒരു പാലത്തിനടിയില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി.
ഇവിടെ സംഘത്തിലെ നാലുപേര്‍ ഉണ്ടായിരുന്നുവെന്നും ഇവരെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയില്‍ മാരകായുധങ്ങളും വടിവാളും ഉപയോഗിച്ച് ഇവര്‍ ആക്രമണം നടത്തിയെന്നും പോലീസ് പറയുന്നു. തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം വെടിയുതിര്‍ക്കേണ്ടതായി വന്നെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.
ഏറ്റമുട്ടലില്‍ ഗുണ്ടാസംഘത്തിലെ രണ്ടുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഏറ്റുമുട്ടലില്‍ രണ്ടുപോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കാഞ്ചിപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


