തിരുവനന്തപുരം: കേരളത്തില്‍ ഡോ വി.വേണു ചീഫ് സെക്രട്ടറിയായും ഷെയ്ക്ക് ദര്‍വേസ് സാഹിബ് പൊലീസ് മേധാവിയായയും ചുമതലയേല്‍ക്കും. ചീഫ് സെക്രട്ടറി വി.പി ജോയിയും സംസ്ഥാന പൊലിസ് മേധാവി അനില്‍കാന്തും വിരമിക്കുന്നതോടെയാണ് രണ്ട് സ്ഥാനത്തേക്കും നിയമനമുണ്ടായത്.
വി. വേണു ഇതിന് മുമ്പ് ആഭ്യന്തര സെക്രട്ടറിയുടെ ചുമതലയിലായിരുന്നു. വി.പി ജോയിക്ക് പിന്‍ഗാമിയായി എത്തുക വി.വേണുവാകുമെന്ന് ഏകദേശ ധാരണയുണ്ടായിരുന്നു. വേണുവിനേക്കാള്‍ സീനിയറായ രണ്ട് ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍വ്വീസില്‍ നിന്നും മടങ്ങിവരില്ലെന്ന് അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ വേണുവാകും ചീഫ് സെക്രട്ടറിയായി എത്തുകയെന്നത് ഉറപ്പായിരുന്നു.
എന്നാല്‍ അപ്രതിക്ഷിമായാണ് ഷേയ്ഖ് ദര്‍വേസ് സാഹിബ് പോലീസ് തലപ്പത്തേയ്ക്ക് എത്തിയത്. നിലവില്‍ ഫയര്‍ഫോഴ്സ് മേധാവിയായി സേവനമനുഷ്ടിക്കുകയാണ് അദ്ദേഹം. ജയില്‍ മേധാവി കെ പത്മകുമാറും ഷേയ്ഖ് ദര്‍വേസ് സാഹിബുമായിരുന്നു സാധ്യതാ പട്ടികയില്‍ മുന്‍നിരയിലുണ്ടായിരുന്നത്. ഇരുവരും ഇടത് സര്‍ക്കാറിന് പ്രിയപ്പെട്ട ഉദ്യോഗസ്ഥരാണ്. വിവാദങ്ങളില്‍ നിന്നൊഴിഞ്ഞ ക്ലീന്‍ ട്രാക്ക് റെക്കോര്‍ഡാണ് ഷെയ്ഖ് ദര്‍വേസ് സാഹിബിന്റെ മുതല്‍ക്കൂട്ട്.


