സുല്‍ത്താന്‍ബത്തേരി: ധനകോടി ചിറ്റ്സ് സാമ്പത്തികത്തട്ടിപ്പ് കേസില്‍ കമ്പനിയുടെ മുന്‍ എം.ഡി. അറസ്റ്റിലായി. ബത്തേരി ഫെയര്‍ലാന്‍ഡ് സ്വദേശിയായ മറ്റത്തില്‍ യോഹന്നാന് (61) ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന യോഹന്നാനെ ബെംഗളൂരുവില്‍നിന്നാണ് ബത്തേരി പോലീസ് പിടികൂടിയത്. ധനകോടി ചിറ്റ്സില്‍ ചേര്‍ന്നവര്‍ക്ക് കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതികളിലാണ് അറസ്റ്റ് നടപടിയുണ്ടായത്.
നിലവില്‍ ചിറ്റ്സിന്റെ സാമ്പത്തികത്തട്ടിപ്പിനെതിരേ ബത്തേരി പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതികളില്മാത്രം 14 കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ബത്തേരി സ്റ്റേഷനില്‍ ലഭിച്ച പരാതികളില്മാത്രം 60 ലക്ഷത്തോളം രൂപ നിക്ഷേപകര്‍ക്ക് കമ്പനി തിരിച്ചുകൊടുക്കാനുണ്ടെന്നാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി കമ്പനിയുടെ ബത്തേരിയിലെ ഹെഡ് ഓഫീസില്‍നിന്ന് കംപ്യൂട്ടറുകളും രേഖകളും പോലീസ് കസ്റ്റഡിയിലെടുത്തു.
ബത്തേരി പോലീസ് രജിസ്റ്റര്‍ ചെയ്ത ഈ കേസുകളിലെ ഒന്നാം പ്രതിയായ ധനകോടി കമ്പനിയുടെ നിലവിലെ എം.ഡി. സജി സെബാസ്റ്റ്യന്‍, ഇയാളുടെ സഹോദരനും കമ്പനി ഡയറക്ടറുമായ ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു.
ധനകോടി ചിറ്റ്സില്‍ നിക്ഷേപിച്ച പണം ലഭിക്കാതെ വഞ്ചിക്കപ്പെട്ടവര്‍ കര്‍മസമിതി രൂപവത്കരിച്ച് നിയമനടപടികളുമായി രംഗത്തുവന്നിരുന്നു. വയനാടിനുപുറമേ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലായി ഇരുപത്തിരണ്ടോളം ബ്രാഞ്ചുകള്‍ ധനകോടിക്കുണ്ട്. നിലവില്‍ ഈ സ്ഥാപനത്തിന്റെ എല്ലാ ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. ചിറ്റ്സിന്റെ സാമ്പത്തികത്തട്ടിപ്പിനെതിരേ മറ്റുജില്ലകളിലും പോലീസിന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് കോടിക്കണക്കിന് രൂപ കമ്പനി തിരിച്ചുകൊടുക്കാനുണ്ടെന്നാണ് വിവരം.
വലിയ അഴിമതിനടത്തി കമ്പനിയെ തകര്‍ത്ത്, ഇപ്പോഴത്തെ അവസ്ഥയിലെത്തിച്ചത് മുന്‍ എം.ഡി.യായിരുന്ന യോഹന്നാന് മറ്റത്തിലാണെന്ന് കമ്പനി എം.ഡി. സജി സെബാസ്റ്റ്യന്‍ ആരോപിച്ചിരുന്നു.


