കോഴിക്കോട് :പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ മൂന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഒന്നാം പ്രതിയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ അസി. പ്രഫസര്‍ ഡോ.സി.കെ.രമേശന്, മൂന്ന്, നാല് പ്രതികളായ സ്റ്റാഫ് നഴ്സുമാരായ എം.രഹന, കെ.ജി.മഞ്ജു എന്നിവരാണ് അറസ്റ്റിലായത്. മൂവരും അന്വേഷണ ഉദ്യോഗസ്ഥനായ എസിപി. കെ.സുദര്ശന് മുന്‍പാകെ ഇന്നു ഹാജരായിരുന്നു. ചോദ്യം ചെയ്യലിനു പിന്നാലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ക്ക് പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപ്പട്ടികയിലുള്ള മൂന്നു പേര് ഏഴാം ദിവസമായ ഇന്ന് ഹാജരായത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടന്നത്. കേസില്‍ രണ്ടാം പ്രതി, കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായ ഡോ.എം.ഷഹന ഇതുവരെ ഹാജരായിട്ടില്ല.
ഹര്‍ഷിനയ്ക്കു മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ സംഘത്തിലെ ഡോക്ടര്‍മാരും നഴ്സുമാരുമാണ് ഇവര്‍. ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവത്തില്‍ ചികിത്സപ്പിഴവുണ്ടായെന്നു ജില്ലാതല മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. 2017 നവംബര്‍ 30ന് മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്നാണു പൊലീസ് കണ്ടെത്തല്‍. 2017 ജനുവരി 27ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ എംആര്‍ഐ പരിശോധനയില്‍ കാണാത്ത ലോഹവസ്തുവാണ് 5 വര്‍ഷത്തിനുശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
ഈ സ്കാനിങ് റിപ്പോര്‍ട്ടിന്റെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ആര്‍ട്ടറി ഫോര്‍സെപ്സ് ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയതെന്നു പൊലീസ് കണ്ടെത്തിയത്. സ്കാനിങ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ഇത്തരമൊരു നിഗമനത്തിലെത്താന്‍ കഴിയില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിലെ റേഡിയോളജിസ്റ്റിന്റെ വാദം.എന്നാല്‍, 9 അംഗ മെഡിക്കല്‍ ബോര്‍ഡില്‍ അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളജ് എസിപി കെ.സുദര്ശന്, പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജയദീപ് എന്നിവര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. ബോര്‍ഡിലെ ഡോക്ടര്‍മാര്‍ റേഡിയോളജിസ്റ്റിന്റെ തീരുമാനത്തെ അനുകൂലിക്കുകയായിരുന്നു. ഇതു പ്രകാരമാണ് കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍ നിന്നാണെന്നു പറയാന്‍ പറ്റില്ലെന്നു ബോര്‍ഡ് തീരുമാനമെടുത്തത്. ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിനു പൊലീസ് അപ്പീല്‍ നല്‍കുകയായിരുന്നു.


