കൊച്ചി : എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിക്കിടെ മുതിര്‍ന്ന ഡോക്ടറില്‍നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന സംഭവത്തില്‍ വനിതാ ഡോക്ടര്‍ നേരിട്ട് പരാതി നല്കിയാല് കേസെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. വനിതാ ഡോക്ടര്‍ അയച്ച ഇ-മെയില്‍ ആണ് ആശുപത്രി സൂപ്രണ്ട് പൊലീസിന് കൈമാറിയത്. ഇ-മെയില്‍ വഴിയുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് നിയമപരമായ പ്രശ്നം ഉണ്ട് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 2019-ല്‍ നടന്ന സംഭവത്തില്‍ ഇ-മെയില്‍ വഴിയായിരുന്നു വനിതാ ഡോക്ടര്‍ പരാതി നല്‍കിയത്.
ഈ പരാതി ആശുപത്രി സൂപ്രണ്ട് പൊലീസിന് കൈമാറുകയായിരുന്നു. കേസെടുക്കുന്നതിന് വേണ്ടിയുള്ള കൂടിയാലോചനകള്‍ പൊലീസ് നേരത്തെ നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്താല്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ഇക്കാരണത്താലാണ് ഇ-മെയില്‍ പരാതിയില്‍ എഫ്ഐആര്‍. രേഖപ്പെടുത്താതെ നേരിട്ടു പരാതി നല്‍കണമെന്ന് പൊലീസ് വാശി പിടിക്കുന്നത്.
ഇരായായ വനിതാ ഡോക്ടര്‍ സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ഇട്ടതോടെയാണ് ഇത് വിവാദമായത്. നിലവില്‍ വനിതാ ഡോക്ടര്‍ ദുബായിയില്‍ താമസിക്കുകയാണ്. ആരോപണം നേരിട്ട സീനിയര്‍ ഡോക്ടര്‍ എറണാകുളം ജില്ലയിലെ മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്തു വരികയാണെന്നാണ് വിവരം.
2019 ഫെബ്രുവരിയിലായിരുന്നു സംഭവം നടന്നതായി വനിതാ ഡോക്ടര്‍ വ്യക്തമാക്കിയത്. ഹൗസ് സര്‍ജന്‍സി ചെയ്യുമ്പോള്‍ വൈകീട്ട് ആശുപത്രി ക്വാര്‍ട്ടേഴ്സില്‍ മുതിര്‍ന്ന ഡോക്ടറുടെ സ്വകാര്യ കണ്‍സള്‍ട്ടിങ് മുറിയില്‍ വെച്ചായിരുന്നു സംഭവമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ തനിച്ചായിരുന്ന തന്നെ മുതിര്‍ന്ന ഡോക്ടര്‍ ബലമായി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തെന്നാണ് വനിതാ ഡോക്ടര്‍ തുറന്നു പറഞ്ഞിരിക്കുന്നത്.


