കോതമംഗലം: ഗ്രാമവികസന വകുപ്പിന്റെ വികസന പരിശീലന കേന്ദ്രം കോതമംഗലത്ത് ആരംഭിക്കുന്നത് സംബന്ധിച്ച വിഷയം സര്‍ക്കാര്‍ വിശദമായി പരിശോധിച്ചു വരികയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് നിയമസഭയില്‍ വ്യക്തമാക്കി. ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലം മണ്ഡലത്തില്‍ ഇത്തരത്തില്‍ ഒരു വികസന കേന്ദ്രം ആരംഭിക്കേണ്ടത് സംബന്ധിച്ച് ആന്റണി ജോണ്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനായി കിലയുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘം പ്രസ്തുത സ്ഥലം സന്ദര്‍ശിക്കുകയും ബന്ധപ്പെട്ട ജന പ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ ഒരു സാധ്യത പഠന റിപ്പോര്‍ട്ട് കില ഡയറക്ടര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ച് വരികയാണെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.കിലയുടെ സാധ്യതാ പഠന റിപ്പോര്‍ട്ട് പ്രകാരം മണ്ഡലത്തിലെ വാരപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ കൊട്ടളത്ത് മല സര്‍വ്വേ നമ്പര്‍ 125ലെ 6.33 ഏക്കര്‍ സ്ഥലം വികസന പരിശീലന കേന്ദ്രത്തിന് അനുയോജ്യമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.വികസന പരിശീലന കേന്ദ്രത്തിന് ആവശ്യമായ തുക കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കും. പരിശീലന പരിപാടികള്‍ക്കായി പ്രതിവര്‍ഷം 20 ലക്ഷം രൂപയും ലഭിക്കും.എന്നാല്‍ വികസന പരിശീലന കേന്ദ്രത്തിന്റെ ദൈനം ദിന ചെലവുകള്‍ക്കും മറ്റ് ഭരണപരമായ ചെലവുകള്‍ക്കും ആവശ്യമായ തുക സംസ്ഥാന സര്‍ക്കാരാണ് വഹിക്കേണ്ടത്.ഗ്രാമവികസന വകുപ്പിന്റെ വികസന പരിശീലന കേന്ദ്രം കോതമംഗലത്ത് ആരംഭിക്കുന്നത് സംബന്ധിച്ച് കില ഡയറക്ടര്‍ നല്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ വിശദമായി പരിശോധിച്ച് വരുന്നതായും മന്ത്രി നിയമസഭയില്‍ ആന്റണി ജോണ്‍ എംഎല്‍എയെ അറിയിച്ചു.