കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്ന്. പുലര്‍ച്ചെ 4.30-ന് അഷ്ടമി ദര്‍ശനം ആരംഭിച്ചു.
ഉച്ചയ്ക്ക് 12 മണി വരെയാണ് ദര്‍ശനം. അഷ്ടമിദര്‍ശനത്തിന് പടിഞ്ഞാറേ നട ഒഴികെ മൂന്ന് നടകളിലും കൂടി അകത്തേക്കും പുറത്തേക്കും പ്രവേശിക്കാം.
രാത്രി 11-നാണ് ഉദയനാപുരത്തപ്പന്റെ വരവ്. ഉദയനാപുരത്തപ്പൻ ഉള്‍പ്പെടെയുള്ള ദേവീദേവന്മാര് നാലമ്പലത്തിന്റെ വടക്കുപുറത്ത് സംഗമിച്ചാണ് വൈക്കത്തപ്പന്റെ സന്നിധിയിലേക്ക് എഴുന്നള്ളുന്നത്.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് വര്‍ണാഭമായ അഷ്ടമിവിളക്ക് നടക്കും. 3:30-നും 4:30-നും ഇടയില്‍ ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് നടക്കും. നാളെ നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.
തിരുവൈക്കത്തപ്പൻ്റെ പരമഭക്തനായ വ്യാഘ്രപാദ മഹര്‍ഷിക്ക് മഹാദേവൻ മംഗള ദര്‍ശനം നല്കിയ പുണ്യദിവസമാണ് വൈക്കത്തഷ്ടമി എന്നാണ് വിശ്വാസം.