എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന ആരംഭിച്ചു. കുഴിക്കാട്ടുമൂലയിലെ സെന്‍ട്രല്‍ വെയര്‍ഹൗസ് കോര്‍പറേഷന്റെ ഗോഡൗണിലാണ് പരിശോധനകള്‍ നടക്കുന്നത്. ഭാരത് ഹെവി ഇലക്ടിക്കല്‍സ് ലിമിറ്റഡിലെ എഞ്ചിനീയര്‍മാരുടെ അഞ്ചംഗ സംഘമാണ് നേതൃത്വം നല്‍കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ മുംബൈയിലെ താനെ , പാല്‍ഗര്‍ ജില്ലകളില്‍ നിന്നുമാണ് എത്തിച്ചത്. ഡിസംബര്‍ 25 നു ജില്ലയിലെത്തിയ യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന ഡിസംബര്‍ 26നാണ് ആരംഭിച്ചത്. 5100 കണ്ട്രോള് യൂണിറ്റുകളും 4500 ബാലറ്റ് യൂണിറ്റുകളും 5600 വിവി പാറ്റുകളുമാണ് എത്തിച്ചത്. ആകെ 5361 കണ്ട്രോള് യൂണിറ്റുകളും 4768 ബാലറ്റ് യൂണിറ്റുകളും 5839 വിവി പാറ്റുകളുമാണ് ജില്ലയില്‍ തിരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളത്.
പരിശോധനകളുടെ തത്സമയ ദൃശ്യങ്ങള്‍ കളക്ട്രേറ്റിലെ കണ്ട്രോള് റൂമില്‍ നിരീക്ഷണ വിധേയമാക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും ഗോഡൗണിലെത്തി പരിശോധനകള്‍ നിരീക്ഷിക്കാം. ഒരു മാസം കൊണ്ടാണ് പരിശോധനകള്‍ പൂര്‍ത്തിയാകുക.


