തിരുവനന്തപുരം: കേരള ചീഫ് സെക്രട്ടറിയായി ഡോ.വി വേണുവും സംസ്ഥാന പോലീസ് മേധാവിയായി ഷെയിഖ് ദര്‍വേഷ് സാഹിബും ചുമതലയേറ്റു. ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് ഡോ. വി വേണു ചീഫ് സെക്രട്ടറി ചുമതലയേറ്റത്. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ പോലീസ് മേധാവി അനില്‍ കാന്ത് പുതിയ പോലീസ് മേധാവി എസ് ദര്‍വേഷ് സാഹിബിന് അധികാരം കൈമാറി.
വിരമിക്കുന്ന ഡിജിപി അനില്‍ കാന്തിന്റെ ഔദ്യോഗിക വിടവാങ്ങല്‍ ഉച്ചയ്ക്ക് 12-ന് പോലീസ് ആസ്ഥാനത്ത് നടന്നു. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷം പുതിയ പോലീസ് മേധാവി എസ് ദര്‍വേഷ് സാഹിബിന് അധികാരം കൈമാറി. സ്ഥാനമൊഴിഞ്ഞ പോലീസ് മേധാവി അനില്‍ കാന്തിനെ പുതിയ മേധാവിയും മുതിര്‍ന്ന പോലീസ് ഓഫിസര്‍മാരും ചേര്‍ന്ന് യാത്രയയച്ചു.
ആന്ധപ്രദേശ് സ്വദേശിയാണ് ഷെയിഖ് ദര്‍വേഷ് സാഹിബ്. 1990 ബാച്ചിലെ ഐപിഎസ് ഓഫീസറായ ദര്‍വേഷ് ഫയര്‍ ആന്റ് റെസ്ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലായിരുന്നു. കേരള കേഡറില്‍ എഎസ്പിയായി നെടുമങ്ങാട് സര്‍വീസ് ആരംഭിച്ചു. തുടര്‍ന്ന് വയനാട്, കാസര്‍കോട്, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ എസ്പിയായും എംഎസ്പി, കെഎപി രണ്ടാം ബറ്റാലിയന് എന്നിവിടങ്ങളില്‍ കമാഡന്റായും സേവനമനുഷ്ഠിച്ചു.
ഡോ. വി വേണു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ ശേഷമാണ് സിവില്‍ സര്‍വീസിലെത്തുന്നത്. ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്നാണ് അദ്ദേഹം ചീഫ് സെക്രട്ടറി പദത്തിലേയ്ക്ക് എത്തുന്നത്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, എക്സൈസ് കമ്മിഷണര്‍, ഭക്ഷ്യ സിവില്‍ സപ്ലൈസ് സെക്രട്ടറി, കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി തുടങ്ങിയ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്.


