കേരളം പിടിക്കാന്‍ തയ്യാറെടുപ്പുമായി ബിജെപി. സംസ്ഥാനത്ത് ജയ സാധ്യതയുള്ള ആറ് ലോക്സഭാ മണ്ഡലങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ നിദ്ദേശം. ബിജെപിയുടെ കര്‍മ്മ പദ്ധതി തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂര്‍, പാലക്കാട് എന്നീ സീറ്റുകള്‍ ലക്ഷ്യമിട്ടാണ്. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്റെ നിര്‍ദേശം.
ബൂത്ത് ഇന്‍ ചാര്‍ജുമാര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ സജീവമായി വീടുകളില്‍ കയറി ഇറങ്ങി പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മത സാമുദായിക സംഘടനകകളുടെയും റെസിഡന്‍സ് അസോസിയേഷനുകളുടെയും പരിപാടികളില്‍ പങ്കെടുക്കണമെന്നും ജെപി നദ്ദ ആവശ്യപ്പെട്ടു. മണ്ഡലത്തിന്റെ ചുമതലയുള്ള ദേശീയ നേതാക്കള്‍ ഓരോ മാസവും നേരിട്ടെത്തി പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം പിടിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് ബിജെപിയുടെ ഈ കര്‍മ്മ പദ്ധതിയ്ക്കുള്ളത്. ഇതിനായി ഇന്നു മുതല്‍ ആറ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ശക്തമായി തുടങ്ങണമെന്നാണ് നദ്ദയുടെ നിര്‍ദേശം. ദേശീയ തലത്തില്‍ തയാറാക്കിയ പട്ടികയില്‍ നിന്നും ബിജെപിക്ക് ജയസാധ്യതയുണ്ടെന്ന് വിലയിരുത്തിയ ആറ് മണ്ഡലങ്ങളിലാണ് കര്‍മ്മ പദ്ധതി ഇപ്പോള്‍ നടപ്പാക്കുന്നത്.

