ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ ഡയറക്ടര്‍ ജനറലായി സദാനന്ദ് വസന്ത് ഐപിഎസിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ(എന്‍ഡിആര്‍എഫ്) ജനറലായി പിയൂഷ് ആനന്ദ് ഐപിഎസിനെയും നിയമിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. നിലവിലെ ഡയറക്ടര്‍ ജനറല്‍മാരുടെ കാലാവധി കഴിഞ്ഞതാണ് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ കാരണം.
ഇന്ത്യന്‍ പൊലീസ് സര്‍വ്വീസിലെ 1990 ബാച്ചിലെ ഉദ്യോഗസ്ഥനാണ് സദാനന്ദ് വസന്ത്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ (സിബിഐ)യുടെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2007ല്‍ അദ്ദേഹത്തിന് രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു. മഹാരാഷ്ട്ര ഭീകരവാദ വിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) ഡയറക്ടര്‍ ജനറല്‍ സ്ഥാനത്താണ് നിലവില്‍ സേവനമനുഷ്ഠിക്കുന്നത്.


