ന്യൂഡല്‍ഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നാളെ കോടതിയില്‍ വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. അന്വേഷണത്തില്‍ പണമൊന്നും ഇഡി കണ്ടെത്തിയിട്ടില്ലെന്നും സുനിത പറഞ്ഞു. ആരോപിക്കപ്പെടുന്ന പണം എവിടെയെന്ന് കോടതിയില്‍ വെളിപ്പെടുത്തും. നേതാക്കളുടെ വീട്ടിലെ റെയ്ഡില്‍ ഒരു രൂപ പോലും കണ്ടെത്താനായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം കോടതിയില്‍ സമര്‍പ്പിക്കുമെന്നും, കെജരിവാളിന്റെ സന്ദേശം വായിച്ചുകൊണ്ട് സുനിത കെജരിവാള്‍ അറിയിച്ചു. വീട്ടില്‍ നടത്തിയ റെയ്ഡില്‍ 73,000 രൂപ മാത്രമാണ് കണ്ടെടുത്തതെന്നും സുനിത പറഞ്ഞു.
കേസില്‍ ഇ ഡി. 250-ലധികം റെയ്ഡുകള്‍ നടത്തി. ഈ പണം അവര്‍ ഇതുവരെ അധികൃതര്‍ കണ്ടെത്തിയിട്ടില്ല. രണ്ട് ദിവസം മുമ്പ് ഡല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് മന്ത്രി അതിഷി മര്‍ലേനയ്ക്ക് കെജരിവാള്‍ നല്‍കിയിരുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. ഡല്‍ഹിയെ നശിപ്പിക്കാനാണോ അവരുടെ ഉദ്ദേശ്യം. ജനങ്ങള്‍ ദുരിതമനുഭവിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും സുനിത ചോദിച്ചു.


