കൊച്ചി: സംസ്ഥാനത്ത് കസ്റ്റംസ് കഴിഞ്ഞ സാമ്പത്തികവര്‍ഷം (2022-23-ല്‍) പിടികൂടിയത് 630 കിലോ സ്വര്‍ണം. വിപണിയിൽ 311 കോടി രൂപ മൂല്യം വരുന്ന സ്വർണ്ണമാണ് പിടികൂടിയത്. 810 കേസുകളാണ് കേരള കസ്റ്റംസ് രജിസ്റ്റർ ചെയ്തത് ശരാശരി, ദിവസവും ഒരാളെ വീതം അറസ്റ്റ് ചെയ്യുന്നുണ്ടെന്നും സ്വര്‍ണക്കടത്തില്‍ മാത്രം 2021-22-ല്‍ 329 പേരെയാണ് അറസ്റ്റ് ചെയ്തതെന്നും കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്ര കുമാര്‍ പറഞ്ഞു. ഇതിന് പുറമേ 123 കേസുകളിലായി 329 ലക്ഷം രൂപയുടെ കള്ളക്കടത്ത് സിഗററ്റുകള്‍ പിടിച്ചെടുത്തതായും രാജേന്ദ്ര കുമാര്‍ അറിയിച്ചു.
ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിക്കു കീഴില്‍ നിയമവിരുദ്ധ വ്യപാരത്തിനും കള്ളക്കടത്തിനുമെതിരായി രൂപവത്കരിച്ച കമ്മിറ്റി (ഫിക്കി കാസ്കേഡ്) കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളക്കടത്തും വ്യാജവ്യാപാരവും: തടയുന്നതിനുള്ള മാര്‍ഗങ്ങള്‍, എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.
വ്യവസായ മന്ത്രി പി. രാജീവ് പരിപാടിയില്‍ മുഖ്യാതിഥിയായി. വ്യാജവ്യാപാര ഇടപാടുകളിലും കള്ളക്കടത്ത് രീതികളിലും വന്ന മാറ്റങ്ങള്‍ ഇത്തരം കേസുകളിലെ പോലീസ് അന്വേഷണങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന് പറഞ്ഞു.
രാജ്യത്തെ അഞ്ച് പ്രധാന വ്യവസായ മേഖലകളിലെ നിയമവിരുദ്ധവ്യപാരം വഴി 2022-ല്‍ സര്‍ക്കാരിന് 58,521 കോടി രൂപയുടെ നികുതി നഷ്ടമാണ് ഉണ്ടായതെന്ന് ഫിക്കി കാസ്കേഡ് അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണവും സിഗററ്റും മയക്കുമരുന്നും മദ്യവും ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുമടക്കം കള്ളക്കടത്ത് വഴി ധാരാളം ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നുണ്ട്.
2019-20-ല്‍ മൊബൈല്‍ഫോണ്‍, എഫ്.എം.സി.ജി., പുകയില ഉത്പന്നങ്ങള്‍, ആല്‍ക്കഹോള്‍ എന്നീ മേഖലകളില്‍ മാത്രം 2,60,094 കോടി രൂപയുടെ അനധികൃത വ്യാപാരമാണ് നടന്നിട്ടുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.


