ഗുസ്തി ഫെഡറേഷനെതിരായ താരങ്ങളുടെ സമരം അവസാനിപ്പിച്ചു. അനുരാഗ് ഠാക്കൂറും സമരക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമവായമായത്. അന്വേഷണം കഴിയും വരെ ബ്രിജ് ഭൂഷന് മാറിനില്‍ക്കും. അതേസമയം, ബ്രിജ് ഭൂഷന് വിളിച്ച് വാര്‍ത്തസമ്മേളനം മാറ്റിവച്ചു.
നാലാഴ്ചത്തേക്കാണ് ബിജെപി എംപിയും ഇന്ത്യന്‍ ഗുസ്തി അസോസിയേഷന്റെ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെ ഗുസ്തി സംഘടനയില്‍ നിന്ന് അന്വേഷണവിധേയമായി മാറ്റനിര്‍ത്തുന്നത്. കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച മേല്‍നോട്ട സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാലാഴ്ചയാണ് സമയമെടുക്കുക. അതുവരെ സിംഗിനെ മാറ്റനിര്‍ത്തുമെന്നും സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പോരാട്ടത്തിന്റെ ഓരോ ഘട്ടത്തിലും പിന്തുണ നല്‍കുമെന്നും കായിക മന്ത്രി വ്യക്തമാക്കി.
ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി മേല്‍നോട്ട സമതിയെ രൂപീകരിക്കും. കമ്മിറ്റിയില്‍ ആരൊക്കെയുണ്ടാകുമെന്ന് ഇന്ന് പ്രഖ്യാപിക്കും. ഈ കമ്മിറ്റി തന്നെയാകും ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക. ഒരു മാസത്തിനുള്ളില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.
കായിക മന്ത്രിയുമായി ഗുസ്തി താരങ്ങള്‍ നടത്തിയ ആദ്യ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഇന്നലെ നടന്ന രണ്ടാം ഘട്ട ചര്‍ച്ച ഏഴു മണിക്കൂറോളം നീണ്ടു. ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷണ് രാജി വെക്കണം, ഫെഡറേഷന് പിരിച്ചുവിടണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉന്നയിച്ചത്.
ഓരോ ഘട്ടത്തിലും ഗുസ്തിക്കാര്ക്കൊപ്പമുണ്ടെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായി ഒളിമ്പിക് മെഡല്‍ ജേതാവ് ബജ്രംഗ് പുനിയ പറഞ്ഞു. പ്രധാനമന്ത്രിയും കായികതാരങ്ങളെ എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്നും പുനിയ കൂട്ടിച്ചേര്‍ത്തു. ശരണ്‍ സിംഗിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഏഴംഗ സമിതിയെയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ചുമതലപ്പെടുത്തിയിട്ടുണ്ട്. മേരി കോം, ഡോല ബാനര്‍ജി, അളകനന്ദ അശോക്, യോഗേശ്വര്‍ ദത്ത്, സഹദേവ് യാദവ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.


