വിവാദങ്ങള്‍ക്കൊടുവില്‍ കെ.ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചു. ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണനാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. രാജിക്ക് വിവാദവുമായി ബന്ധമില്ലെന്നാണ് ശങ്കര്‍ മോഹനന്റെ വിശദീകരണം. കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നു. ഉന്നതതല സമിതി അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം ആണ് ശങ്കര്‍ മോഹനന്റെ രാജിയെന്നതും ശ്രദ്ധേയമാണ്.
ശങ്കര്‍ മോഹനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ മാസങ്ങളായി സമരത്തിലായിരുന്നു. ജാതി വിവേചനം, മെറിറ്റ് അട്ടിമറി തുടങ്ങി നിരവധി ആരോപണങ്ങള്‍ ശങ്കര്‍ മോഹനെതിരെ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിനിമാ മേഖലയിലെ പ്രമുഖരും രംഗത്തെത്തിയിരുന്നു.
ജാതി വിവേചനം ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ സമരത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ ശങ്കര്‍ മോഹനനെതിരെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ പരാതികള്‍ ശരി വയ്ക്കുന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമര്‍പ്പിച്ചതെന്നാണ് സൂചന.
നിലവില്‍ ക്യാമ്പസില്‍ സമാന്തര ക്ലാസുകള്‍ സംഘടിപ്പിച്ച് പഠനവുമായി മുന്നോട്ടു പോവുകയാണ് വിദ്യാര്‍ഥികള്‍. ക്യാമ്പസ് ഗേറ്റിനു മുന്പില് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന സമരം 50 ദിവസത്തോട് അടുക്കവേയാണ് ശങ്കര്‍ മോഹനന്റെ രാജി. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ളതാണ് കോട്ടയം ജില്ലയിലെ കെ ആര് നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് കോളേജ്. ഇവിടെ ആണ് കടുത്ത ജാതിവിവേചനം നടക്കുന്നതായി വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.


