അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയില്‍ ജലനിരപ്പ് കുറഞ്ഞു. നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു. വെള്ളത്തില്‍ പൂര്‍ണമായും മുങ്ങിയ തിരുവല്ല അമ്പലപ്പുഴ സംസ്ഥാന പാത വഴിയുള്ള കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ മഴ കുറഞ്ഞതോടെ ഇന്ന് രാവിലെ മുതല്‍ സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട് എന്ന് കെഎസ്ആര്‍ടിസി ഔദ്യോഗികമായി അറിയിച്ചു.
ഇടുക്കി, കോട്ടയം ജില്ലകളില്‍ ഭൂരിഭാഗം കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളും പുനരാരംഭിച്ചു. ജലനിരപ്പ് കുറഞ്ഞതിനാലാണ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ വീണ്ടും തുടങ്ങിയത്. പാലായില്‍ നിന്ന് കുമളി ഒഴികെയുള്ള സര്‍വീസുകള്‍ ആരംഭിച്ചു. കുട്ടിക്കാനം- മുണ്ടക്കയം സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. കുട്ടിക്കാനം- വാഗമണ്‍- കോട്ടയം സര്‍വീസ് തുടങ്ങി. അതേസമയം കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഈ മാസം 25 വരെ പ്രവേശനം നിര്‍ത്തിവച്ചു.
അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം നിര്‍ത്തിവച്ചത്. ജില്ലാ കളക്ടര്‍ പി കെ ജയശ്രീ ഇതു സംബന്ധിച്ചുള്ള അറിയിപ്പ് പുറപ്പെടുവിച്ചു. മലയോര മേഖലകളിലേക്ക് അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെയുള്ള രാത്രികാല യാത്ര നിരോധിച്ചു.


