കഴിവുള്ളതിനാലാണ് എച്ച്ആര്‍ഡിഎസില്‍ ജോലി കിട്ടിയതെന്നും നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദത്തെ കുറിച്ച് അറിയില്ലെന്നും സ്വപ്ന സുരേഷ്. സ്ഥാപനവുമായി നേരത്തെ ബന്ധമില്ലെന്നും എന്നാല്‍ വെള്ളിയാഴ്ച മുതല്‍ അവിടുത്തെ ജീവനക്കാരിയാണെന്നും സ്വപ്ന പറഞ്ഞു.
‘പലനിലക്കും ജോലിക്കായി ശ്രമിച്ചെങ്കിലും പലര്‍ക്കും പേടിയായിരുന്നു. യോഗ്യതയുള്ളതിനൊപ്പം പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ലഭിച്ച സഹായം കൂടിയാണ് ജോലി. സുഹൃത്തായ അനില്‍ മുഖേനയാണ് ജോലി ലഭിച്ചത്. ഫോണ്‍ വഴി രണ്ടുവട്ടം അഭിമുഖം നടത്തിയാണ് ജോലി കിട്ടിയത്. സ്ഥാപനത്തിന് രാഷ്ട്രീയമുണ്ടോയെന്ന് അറിയില്ല. എനിക്ക് രാഷ്ട്രീയത്തെ കുറിച്ച് ഒന്നുമറിയില്ല. എന്റെ നിയമനത്തെ എന്തിനാണ് രാഷ്ട്രീയമായി കാണുന്നത്. വരുമാനം ഉണ്ടെങ്കിലേ മക്കളുടെ കാര്യങ്ങള്‍ നോക്കാനാകൂ. നിങ്ങള്‍ക്ക് എന്നെ കൊല്ലണമെങ്കില്‍ കൊല്ലൂ. അല്ലാതെ ദ്രോഹിക്കരുത്. ജീവിക്കാന്‍ അനുവദിക്കണം’ സ്വപ്ന സുരേഷ് പറഞ്ഞു.
താനൊരു സ്ത്രീയും ദുഃഖിക്കുന്ന അമ്മയും താലി പൊട്ടിയ ഭാര്യയുമാണെന്നും അതിനാല്‍ സ്ഥാപനത്തിലെ സ്ത്രീ ശാക്തീകരണ വിഭാഗം ഡയക്ടറായി പ്രവര്‍ത്തിക്കാനാകുമെന്നും സ്വപ്ന പറഞ്ഞു. താന്‍ ജോലി സ്ഥലത്ത് ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ അത്തരം പ്രശ്നമുള്ളവരെ സഹായിക്കാനാകുമെന്നും സ്വപ്ന പറഞ്ഞു. തനിക്കെതിരെയുള്ള കേസില്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും കേസിലുള്‍പ്പെട്ടവര്‍ പലയിടത്തും ജോലി ചെയ്യുന്നുണ്ടെന്നും എന്ത് കൊണ്ട് എനിക്ക് മാത്രം അതുപറ്റില്ലെന്നും സ്വപ്ന ചോദിച്ചു.
സ്വപ്ന സുരേഷിന് ജോലി നല്കിയ എച്ച്.ആര്.ഡി.എസ് എന്ന എന്‍.ജി.ഒ ആര്.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടനയാണെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒയാണ് അട്ടപ്പാടി കേന്ദ്രീകരിച്ചുള്ള ഹൈറേഞ്ച് റൂറല്‍ ഡെവല്പ്പ്മെന്റ് സൊസൈറ്റി. ഗുരു ആത്മനമ്പി (ആത്മജി)യാണ് എച്ച്.ആര്.ഡി.എസിന് മാര്‍ഗ നിര്‍ദേശം നല്‍കുന്നത്. ആര്.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രധാന നേതാക്കളാണ് ഇതിന്റെ പ്രധാന പദവികള്‍ അലങ്കരിക്കുന്നത്.
ബി.ജെ.പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും ഗോവ ഗവര്‍ണറുമായ പി.എസ് ശ്രീധരന് പിള്ളയടക്കമുള്ളവര്‍ എച്ച്.ആര്.ഡി.എസുമായി സജീവ സഹകരണത്തിലുള്ളവരാണ്.
വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാര്‍ഗ്ഗം, സ്ത്രീ ശാക്തീകരണം തുടങ്ങി വിവിധ മേഖലകളിലാണ് എച്ച്.ആര്.ഡി.എസ് പ്രവര്‍ത്തിക്കുന്നത്. കേരളം, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ ആദിവാസി മേഖലകളിലാണ് ഇവരുടെ പ്രവര്‍ത്തനം. പാവപ്പെട്ടവരും ദരിദ്രരുമായ ആദിവാസികളുടെ ഭൂമി കൈക്കലാക്കിയതടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന എന്‍.ജി.ഒയാണ് സ്വപ്ന സുരേഷിന് ജോലി നേടികൊടുത്ത എച്ച്.ആര്.ഡി.എസ്. അട്ടപ്പാടിയിലെ ആദിവാസി ഭൂമിയില്‍ അനുമതിയില്ലാതെ ഭവന നിര്‍മാണം, മരുന്ന് പരീക്ഷണം അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ എച്ച്.ആര്.ഡി.എസിനെതിരെ പരാതികളും അന്വേഷണങ്ങളുമുണ്ടായിരുന്നു.
എച്ച്.ആര്.ഡി.എസിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായാണ് സ്വപ്ന സുരേഷിനെ നിയമിച്ചിരിക്കുന്നത്. എന്‍.ജി.ഒ യ്ക്കു വേണ്ടി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും പണമെത്തിക്കുന്നതുമായി ബന്ധപ്പെട്ട ജോലിയാണ് സ്വപ്നയ്ക്കുള്ളത്. സ്വപ്ന സുരേഷ് ചുമതലയേറ്റെടുത്ത കാര്യം കഴിഞ്ഞ ദിവസം എന്‍.ജി.ഒയിലെ അംഗങ്ങളെ അറിയിച്ചിരുന്നു. എച്ച്.ആര്.ഡി.എസിന്റെ വെബ്സൈറ്റിലും സ്വപ്നയുടെ നിയമനം പരസ്യമാക്കിയിട്ടുണ്ട്. പാലക്കാട്ടെ ഓഫീസില്‍ വെച്ച് നാളെ ചുമതലയേല്‍ക്കാനാണ് സ്വപ്നക്ക് കിട്ടിയ നിര്‍ദേശം. എന്നാല്‍ ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചിട്ടില്ലാത്തതിനാല്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് സ്വപ്ന കുറച്ചുകൂടി സാവകാശം ചോദിച്ചിട്ടുണ്ട്.
അതേസമയം, സ്വപ്ന സുരേഷിന്റെ നിയമനം തന്റെ അറിവോടെ അല്ലെന്ന് എച്ച്.ആര്.ഡി.എസ് മുന്‍ പ്രസിഡന്റ് എസ് കൃഷ്ണകുമാര്‍ പറഞ്ഞു. തന്നെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതും അനധികൃത നിയമനങ്ങള്‍ നടത്തിയതും സെക്രട്ടറിയായ അജി കൃഷ്ണനും കൂട്ടാളികളും ചേര്‍ന്നാണ്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി സഹോദരന് മത്സരിച്ചപ്പോള്‍ എച്ച്.ആര്.ഡി.എസിന്റെ വാഹനങ്ങള്‍ ഉള്‍പ്പടെ അജി കൃഷ്ണന് പ്രചരണത്തിനായി ഉപയോഗിച്ചെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു. ആര്.എസ്.എസ് നേതാവായ കെ.ജി വേണുഗോപാലിനെ സ്ഥാപനത്തില്‍ വൈസ് ചെയര്മാന് ആക്കിയത് തന്റെ അറിവോടെ അല്ലെന്നും സ്ഥാപനത്തില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


