ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. സ്ഥാനാര്‍ഥിത്വം, പ്രചാരണം, ഉയര്‍ത്തേണ്ട വിഷയങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന യോഗത്തിനു ശേഷം ഉത്തര്‍പ്രദേശിലെ കൂടുതല്‍ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും. സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടി, അനുപ്രിയ പട്ടേലിന്റെ അപ്നാ ദള്‍ പാര്‍ട്ടിയുമായി അന്തിമഘട്ട സീറ്റ് നിര്‍ണയ ചര്‍ച്ചകള്‍ ബിജെപി നടത്തും.
സമാജ് വാദി പാര്‍ട്ടിയുടെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനമായ സൗജന്യ വൈദ്യുതിയുടെ രജിസ്ട്രേഷനും ഇന്ന് ആരംഭിക്കും. 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന പദ്ധതിക്കാണ് ഇന്ന് തുടക്കമാവുന്നത്. ഉത്തരാഖണ്ഡിലെ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും.
അതേസമയം, പാര്‍ട്ടി വിട്ട് പോകാനൊരുങ്ങുന്ന നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയാണ് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറാനൊരുങ്ങിയ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സരിത ആര്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പുറത്താക്കല്‍ നടപടിക്ക് പിന്നാലെ സരിത ബിജെപിയില്‍ പ്രവേശിച്ച് തിരിച്ചടി നല്കി.

