കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ ലഹരിമരുന്നുകേസില്‍ കുടുക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍കൂര്‍ജാമ്യം തേടി ബന്ധുവായ കാലടി സ്വദേശിനി ലിവിയാ ജോസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഷീലയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ.
ലഹരിമരുന്നു പിടികൂടുന്നതിന് തലേ ദിവസം മരുമകളും സഹോദരിയും തന്റെ സ്കൂട്ടര്‍ ഉപയോഗിച്ചിരുന്നെന്നും ഷീല വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ലഹരിമരുന്നു കേസ് കെട്ടിച്ചമച്ചവര്ക്കെതിരേ നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹര്‍ജിക്കാരിക്കെതിരേ ജയില്‍ മോചിതയായ ഷീലയും ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് എക്സൈസ് ക്രൈംബ്രാഞ്ച് സംഘം െബംഗളൂരുവില്‍ പഠിക്കുന്ന ലിവിയയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
കേസില്‍ എക്സൈസ് സംഘം തന്റെ പിതാവിനെയും സഹോദരിയെയു ചോദ്യം ചെയ്തെന്നും അവരെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്നും ഹര്‍ജിക്കാരി ആരോപിക്കുന്നു. സംഭവവുമായി തനിക്കൊരു ബന്ധവുമില്ലെന്നും ജാമ്യം ലഭിക്കാത്ത കുറ്റം ചുമത്തി അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ഭീഷണിപ്പെടുത്തിയെന്നും ഹര്‍ജിക്കാരി പറയുന്നു.
ഫെബ്രുവരി 27-ന് വൈകീട്ട് ഷീലയുടെ സ്കൂട്ടറില്‍നിന്ന് എക്സൈസ് സംഘം 12 എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍ പിടികൂടിയിരുന്നു. പിന്നീട് കാക്കനാട്ടുള്ള റീജണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലാബില്‍നിന്ന് മേയ് 12-നു ലഭിച്ച റിപ്പോര്‍ട്ടില്‍ പിടിച്ചെടുത്തത് ലഹരിമരുന്നല്ലെന്ന് തെളിഞ്ഞു. തുടര്‍ന്ന് ഷീല സണ്ണി നല്കിയ ഹര്‍ജിയില്‍ ലഹരിമരുന്നു കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.