ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു. ബന്ധുനിയമന വിവാദത്തില്‍ ലോകായുക്താ വിധിക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് ജലീലിന്റെ രാജി. അല്‍പ്പ സമയം മുന്‍പാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ദൂതന് വഴി ജലീല്‍ രാജി കത്ത് കാമാറിയത്. രാജി മുഖ്യമന്ത്രി സ്വീകരിച്ച് ഗവര്‍ണര്‍ക്ക് കൈമാറി.
ബന്ധുവായ കെ.ടി. അദീപിനെ സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ മന്ത്രി കെ.ടി. ജലീല്‍ അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. ജലീലിന് മന്ത്രിയായി തുടരാന്‍ യോഗ്യതയില്ലെന്നും ലോകായുക്ത വിധിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കെ.ടി ജലീലിന് രാജിവയ്ക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നു.
ലോകായുക്ത വിധിക്കെതിരെ ജലീല്‍ ഹൈക്കോടതിയില്‍ റിട്ട്. ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു കൊണ്ടിരിക്കുമ്പോഴാണ് മന്ത്രി രാജിവച്ചത്. തന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്ക്കാലം ആശ്വസിക്കാമെന്നും രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നെന്നും ജലീല്‍ രാജിക്ക് ശേഷം പറഞ്ഞു.
ജലീലിന്റെ വാക്കുകള്‍:’എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്ക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.
ഇതോടെ പിണറായി വിജയന് മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയായി കെ.ടി ജലീല്‍. നേരത്തെ മന്ത്രിമാരായ ഇ.പി ജയരാജന്, മാത്യു ടി തോമസ്, എ.കെ ശശീന്ദ്രന് എന്നിവര്‍ രാജിവച്ചിരുന്നു.

